ചെന്നൈ • ഐസിഎഫിൽ നിർമിക്കുന്ന വന്ദേഭാരത് ട്രെയിനുകൾ ലോകോത്തര നിലവാരത്തിലുള്ളതെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. പുതുതായി രൂപ കൽപന ചെയ്ത ട്രെയിനുകളുടെ നിർമാണ പുരോഗതി വിലയിരുത്താൻ ഐസിഎഫിൽ എത്തിയതായിരുന്നു കേന്ദ്ര റെയിൽവേ മന്ത്രി. നിർമാണം പൂർത്തിയാക്കിയ മാതൃകാ ട്രെയിൻ പരിശോധിച്ച മന്ത്രി ചുരുങ്ങിയ സമയത്തിനുള്ളിൽ മികച്ച നിലവാരത്തിൽ ട്രെയിനുകൾ നിർമിച്ച ഐസിഎഫ് അധികൃതരെ അഭിനന്ദിച്ചു.
ഓട്ടമാറ്റിക്കായി തുറക്കുന്ന വാതിലുകളും വിസ്തൃതമായ ഡ്രൈവർ ക്യാബിനുകളും അടക്കം ഒട്ടേറെ പ്രത്യേകതകളുള്ളതാണ് വന്ദേഭാരത് ട്രെയിനുകളെന്നു മന്ത്രി പറഞ്ഞു.സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികത്തോട് അനുബന്ധിച്ച് 75 ട്രെയിനുകൾ നിർമിക്കാനുള്ള പ്രധാനമന്ത്രിയുടെ നിർദശം അനുസരിച്ചാണ് വന്ദേ ഭാരത് ട്രെയിൻ നിർമാണം ആരംഭിച്ചതെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു.
അടുത്ത വർഷം ഓഗസ്റ്റ് 15നു മുൻപായി 75 ട്രെയിനുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ യാത്രയ്ക്കു തയ്യാറാകും.4 വർഷത്തിനുള്ളിൽ 450 ട്രെയിനുകൾ നിർമിക്കാനാണ് ലക്ഷ്യമിടുന്നത്.