
ചെന്നൈ : കനത്ത മഴ പ്രവചിച്ചിരിക്കുന്ന സാഹചര്യത്തിൽ ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിൽ കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. വിമാന ഷെഡ്യൂളിങ്ങിലെ കാലതാമസം, റീഷെഡ്യൂളിങ്, റദ്ദാക്കൽ എന്നിവ ഉണ്ടായാൽ യാത്രക്കാരെ മുൻകൂട്ടി അറിയിക്കാൻ എല്ലാ വിമാനക്കമ്പനികൾക്കും നിർദേശം നൽകി.
പ്രതികൂല സാഹചര്യങ്ങൾ നേരിടാൻ കൂടുതൽ ജീവനക്കാരെയും വിന്യസിച്ചു. വിമാനത്താവളത്തിലെ ഭക്ഷണ ഔട്ട്ലറ്റുകൾ ആവശ്യത്തിനു കരുതൽ ശേഖരം ഉറപ്പാക്കി. യാത്രക്കാർക്കു ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ ആവശ്യമായ ഏകോപനത്തിനും ക്രമീകരണത്തിനും വിമാനത്താവള സുരക്ഷയ്ക്കും സംസ്ഥാന പൊലീസിന്റെയും ദുരന്ത നിവാരണ സേനയുടെയും സഹായം തേടിയിട്ടുണ്ട്. വിമാനത്താവള ജീവനക്കാരുടെയും ഉപകരണങ്ങളുടെയും സുരക്ഷയും ഉറപ്പാക്കിക്കഴിഞ്ഞു. രണ്ടാം റൺവേ ഭാഗത്തിനോടു ചേർന്നുള്ള അഡയാർ നദിയിലെ ജലനിരപ്പു തുടർച്ചയായി നിരീക്ഷിക്കുന്നുണ്ടന്നും വിമാനത്താവള അധികൃതർ അറിയിച്ചു.