Home Featured ചെന്നൈ – ബോഡിനായ്ക്കന്നൂർ ട്രെയിൻ 15 ന് സർവീസ് ആരംഭിക്കും

ചെന്നൈ – ബോഡിനായ്ക്കന്നൂർ ട്രെയിൻ 15 ന് സർവീസ് ആരംഭിക്കും

ചെന്നൈ ∙ ഇടുക്കി മേഖലയിലേക്കുള്ള യാത്രക്കാർക്കും വിനോദസഞ്ചാരികൾക്കും ഏറെ സഹായകമാകുന്ന ചെന്നൈ – ബോഡിനായ്ക്കന്നൂർ ട്രെയിൻ സർവീസിന് 15നു തുടക്കം. ചെന്നൈയിൽ നിന്ന് മധുര, തേനി വഴിയുള്ള ട്രെയിൻ കേന്ദ്രമന്ത്രി എൽ.മുരുകൻ ഫ്ലാഗ് ഓഫ് ചെയ്യും. ആഴ്ചയിൽ 3 ദിവസമാകും സർവീസ്. നേരത്തെയുണ്ടായിരുന്ന നമ്പർ 20601, 20602 ചെന്നൈ – മധുര – ചെന്നൈ എക്സ്പ്രസാണു ബോഡിനായ്ക്കന്നൂർ വരെ നീട്ടിയത്. രാത്രി 10.30നു ചെന്നൈയിൽ നിന്നു പുറപ്പെടുന്ന ട്രെയിൻ പിറ്റേന്നു രാവിലെ 9.35നു ബോഡിനായ്ക്കന്നൂരിലെത്തും.

മടക്ക സർവീസ് രാത്രി 8.30നു ബോഡിനായ്ക്കന്നൂരിൽ‍ നിന്നു പുറപ്പെട്ട് രാവിലെ 7.55ന് ചെന്നൈയിലെത്തും. പ്രതിദിന സർവീസായ നമ്പർ 06702 തേനി – മധുര അൺറിസർവ്ഡ് എക്‌സ്‌പ്രസും ബോഡിനായ്ക്കന്നൂർ വരെ നീട്ടി. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ചെന്നൈയിൽ നിന്നും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ മധുരയിൽ നിന്നുമാണു നിലവിൽ ട്രെയിൻ സർവീസ് നടത്തുന്നത്. ഇടുക്കി ജില്ലയിലെ പൂപ്പാറയിൽ നിന്നു 40 കിലോമീറ്റർ സഞ്ചരിച്ചാൽ ബോഡിനായ്ക്കന്നൂർ റെയിൽവേ സ്റ്റേഷനിലെത്താം.

വിവിധ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന വിനോദസഞ്ചാരികൾക്ക് ചെന്നൈ, മധുര, തേനി വഴി ബോഡിനായ്ക്കന്നൂരിലും അവിടെ നിന്ന് എളുപ്പത്തിൽ മൂന്നാർ ഉൾപ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലും എത്തിച്ചേരാൻ കഴിയും. ബോഡിനായ്ക്കന്നൂരിൽ ട്രെയിൻ എത്തുന്നതോടെ തമിഴ്നാട്, കർണാടക, ആന്ധ്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള ശബരിമല തീർഥാടകർക്കും ഇടുക്കി ജില്ലയിൽ നിന്നു മധുര, വേളാങ്കണ്ണി, രാമേശ്വരം, പഴനി, തിരുപ്പതി തുടങ്ങിയ തീർഥാടന കേന്ദ്രങ്ങളിലേക്കു പോകുന്നവർക്കും യാത്ര എളുപ്പമാകും.

You may also like

error: Content is protected !!
Join Our Whatsapp