ചെന്നൈ :മഴവെള്ളം ഓടകളുമായി ബന്ധിപ്പിച്ചിരുന്ന മൂവായിരത്തോളം അനധികൃത മലിനജല കുഴലുകൾ നീക്കം ചെയ്തതായി ചെന്നൈ കോർപറേഷൻ.3799 അനധികൃത കണക്ഷനുകളാണ് കോർപറേഷൻ കണ്ടെത്തിയത്. ഇതിൽ 2983 എണ്ണം നീക്കിയതായും മഴവെള്ള ഓടകളിലേക്ക് മലിനജലം ഒഴുക്കിയ കെട്ടിട ഉടമകളിൽ നിന്ന് പിഴയായി 19.52 ലക്ഷം രൂപ ഈടാക്കിയതായും കോർപറേഷൻ അധികൃതർ പറഞ്ഞു.
കോർപറേഷന്റെ മധ്യ ചെന്നൈ, വടക്കൻ ചെന്നൈ മേഖലകളിലാണ് കൂടുതൽ അനധികൃത കണക്ഷനുകൾ കണ്ടെത്തിയത്. എല്ലാ അനധികൃത മലിനജല കുഴലുകളും നീക്കം ചെയ്യുമെന്നും പുതിയവ നിർമിക്കുന്നതു തടയാൻ കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു.
മഴവെള്ള ഓടകളിലേക്കു മാലിന്യം ഒഴുക്കുന്ന വാണിജ്യ കെട്ടിടങ്ങൾക്ക് 25,000 രൂപയും വീടുകൾക്ക് 5000 രൂപയുമാണ് പിഴ ഈടാക്കുന്നത്. അനധികൃത മലിനജല കുഴലുകൾ സംബന്ധിച്ച് പൊതുജനങ്ങൾക്കുള്ള പരാതികൾ 1913 എന്ന ടോൾ ഫ്രീ നമ്പറിൽ അറിയിക്കാം.