Home പണിപ്പെട്ട് കൂറ്റൻ മോട്ടറുകൾ; വെള്ളം ഇറങ്ങാതെ ചെന്നൈ

പണിപ്പെട്ട് കൂറ്റൻ മോട്ടറുകൾ; വെള്ളം ഇറങ്ങാതെ ചെന്നൈ

by shifana p

ചെന്നൈ : മഴ മാറി മാനം തെളിഞ്ഞെങ്കിലും വെള്ളക്കെട്ട് ഒഴിയാതെ ചെന്നൈ വലയുന്നു. സെൻട്രൽ ചെന്നൈ അടക്കം 534 മേഖലകൾ കനത്ത വെള്ളക്കെട്ടിലായിരുന്നു. 204 ഇടങ്ങളിലെ വെള്ളം പൂർണമായി വറ്റിച്ചെങ്കിലും 330 മേഖലകൾ ഇപ്പോഴും വെള്ളത്തിലാണ്. 620 കൂറ്റൻ മോട്ടറുകൾ ഉപയോഗിച്ചാണു വെള്ളം പമ്പ് ചെയ്തു കളയുന്നത്. വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനം ഇല്ലാത്ത ഇടങ്ങളും കടൽ നിരപ്പിനെക്കാൾ താഴ്ന്ന മേഖലകളുമാണു ദുരിതത്തിലായത്. ടി നഗറിൽ വെള്ളം നിറഞ്ഞ അരംഗനാഥൻ അടിപ്പാതയിലിറങ്ങിയ സർക്കാർ ബസ് മുങ്ങി. അഗ്നിശമനസേനയെത്തിയാണ് യാത്രക്കാരെ രക്ഷിച്ചത്.

ചെന്നൈ നഗരത്തിലെ അഡയാർ, ഇന്ദിരാ നഗർ, ടി നഗർ, തരമണി, നംഗനല്ലൂർ, പുളിയന്തോപ്പ്, തിരുവള്ളിക്കേനി, മാമ്പലം, കോടമ്പാക്കം, സാലിഗ്രാമം, ചൂളൈമേട്, ചൂളൈ, നുങ്കമ്പാക്കം, അണ്ണാ നഗർ, മുഗപ്പെയർ, കൊളത്തൂർ, മൈലാപ്പൂർ, എഗ്മൂർ, ആർ.കെ നഗർ, കെകെ നഗർ മേഖലകളിലാണ് ഏറ്റവും കൂടുതൽ നാശം. ഇവയെല്ലാം ഇപ്പോഴും വെള്ളത്തിലാണ്. നഗരത്തിനു പുറത്ത് താംബരം, പല്ലാവരം, മുടിച്ചൂർ, വരദ രാജപുരം, മണിമംഗലം, പൂനമല്ലി, ആവഡി, പെരമ്പൂർ മേഖലകളിലും വെള്ളം ഇറങ്ങിയിട്ടില്ല.

ചെന്നൈയിലെ 22 അടിപ്പാതകളിൽ 17 ലും ഗതാഗതം പുനംസ്ഥാപിച്ചു. 23 റോഡുകളിൽഗതാഗതം ഭാഗികമാണ്. 2,888 പേരാണു ദുരിതാശ്വാസ ക്യാംപുകളിൽ ഉള്ളത്. വിമാന സർവീസുകൾ, ദീർഘ ദൂര -സബേർബൻ മെട്രോ ട്രെയിനുകൾ എന്നിവ തടസ്സപ്പെട്ടില്ല. മഴമരണം 17 ആയി. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം ഇന്ന് ആന്ധ്രതീരത്തേക്കു നീങ്ങുമെന്നതിനാൽ തമിഴ്നാട്ടിലെ പടിഞ്ഞാറൻ ജില്ലകളിൽ കനത്ത മഴ സാധ്യത പ്രവചിച്ചിട്ടുണ്ട്. വിദ്യാലയങ്ങൾക്ക് ഇന്നും അവധിയാണ്.

Leave a Comment

error: Content is protected !!
Join Our Whatsapp