Home മഴ മാറിയെങ്കിലും വെള്ളക്കെട്ടിൽ ചെന്നൈ, നഗരത്തിലെ പ്രളയത്തിന്റെ നേർ കാഴ്ചകൾ വിശദമായി വായിക്കാം

മഴ മാറിയെങ്കിലും വെള്ളക്കെട്ടിൽ ചെന്നൈ, നഗരത്തിലെ പ്രളയത്തിന്റെ നേർ കാഴ്ചകൾ വിശദമായി വായിക്കാം

by shifana p

ചെന്നൈ:മിന്നൽ പ്രളയത്തിന്റെ രണ്ടാം ദിനത്തിൽ മഴയൊരൽപം മാറി നിന്നെങ്കിലും താഴ്ന്ന മേഖലകളെല്ലാം വെള്ളക്കെട്ടിൽ കുതിർന്ന അവസ്ഥയിലാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നു കൂടി അവധി പ്രഖ്യാപിച്ചിട്ടുണ്ട്. താഴ്ന്ന മേഖലകളിൽ അഞ്ചടി ഉയരത്തിൽ വരെ വീടുകളിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ ആളുകൾ പലരും വീട് ഉപേക്ഷിച്ചു മറ്റിടങ്ങളിലേക്കു മാറി. വെള്ളകെട്ട് കാരണം ഗതാഗതം സ്തംഭിച്ച മേഖലകളിൽ ചെന്നൈ കോർപ്പറേഷൻ ഉദ്യോഗസ്ഥർ പോലീസ്, റവന്യൂ, ഫയർ സർവീസ് ഉദ്യോഗസ്ഥരുമായി സഹകരിച്ച് വെള്ളം പമ്പുചെയ്തു നീക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

മുൻകരുതൽ നടപടിയെന്ന നിലയിൽ നഗരത്തിന്റെ പല ഭാഗങ്ങളിലും വൈദ്യുതി വിച്ഛേദിച്ചതും ദുരിതം ഇരട്ടിയാക്കി. മഴയിൽ ഏക്കറുകണക്കിന് കൃഷിയിടങ്ങൾ വെള്ളത്തിനടിയിലായിട്ടുണ്ട്. ചെന്നൈയിലെ 169 ക്യാംപുകളിലായി ആയിരത്തോളം പേരാണ് കഴിയുന്നത്. തമിഴ് നാട്ടിലാകെ 5106 ദുരിതാശ്വാസ ക്യാംപുകൾ സജ്ജമാക്കി. ആഴക്കടലിൽ പോയ മത്സ്യത്തൊഴിലാളികളോടു തീരത്ത് തിരിച്ചെത്താൻ നിർദേശം നൽകിയിട്ടുണ്ട്. അടിയന്തര സഹായത്തിന് ഹെലികോപ്റ്ററും ഒരുക്കിയിട്ടുണ്ട്. മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർ ക്കായി ഗ്രേറ്റർ ചെന്നൈ കോർപറേഷൻ 3.36 ലക്ഷം ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു. 15 അടുക്കളകളിലാണ് ഭക്ഷണം പാകം ചെയ്യുന്നത്. ചെന്നൈയിലെ 200 ഡിവിഷനുകളിലും മെഡിക്കൽ ക്യാംപുകളും വാക്സിനേഷൻ ക്യാംപുകളും തുടരുകയാണ്.

തുടർച്ചയായി രണ്ടാം ദിവസവും മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും സഹമന്ത്രിമാരും സജീവമായി രംഗത്തു തുടരുകയാണ്. മഴക്കെടുതി നാശം വിതച്ച പ്രദേശങ്ങൾ സന്ദർശിച്ച സ്റ്റാലിനും സംഘവും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്തു.

വെള്ളക്കെട്ടു തുടരുന്നതിനാൽ അടിപ്പാതകളിലെ ഗതാഗതം പുനഃസ്ഥാപിക്കാനായിട്ടില്ല. 13 അടിപ്പാതകളിൽ വെള്ളക്കെട്ടുണ്ടെങ്കിലും 6 അടിപ്പാതകളാണ് അടച്ചത്. പുനമല്ലി ഹൈ റോഡിലേക്കുള്ള ഗംഗുറെഡി അടിപ്പാതയും ടി നഗറിലുള്ള ദുരൈസാമി, മാഡ്ലി അടിപ്പാതകളും മഴവെള്ളം നിറഞ്ഞതിനെ തുർന്ന് അടച്ചിട്ടിരിക്കുകയാണ്. വ്യാസർപാടി, ഗണേശപുരം, വില്ലിവാക്കം അടിപ്പാതകളും വെള്ളം നിറഞ്ഞ അവസ്ഥയിൽ തന്നെയാണ്.കൂടാതെ കനത്ത മഴയെ തുടർന്ന് ഉൽപന്നങ്ങളുടെ വരവ് കുറഞ്ഞതോടെ നഗരത്തിൽ പഴങ്ങളുടെയും പച്ചക്കറികളുടെയും വിലയും കുതിച്ചുയർന്നു. നഗരത്തിൽ പലയിടങ്ങളിലും തക്കാളി കിലോയ്ക്ക് 100 രൂപ നിരക്കിലാണ് തിങ്കളാഴ്ച വിൽപന നടന്നത്. മറ്റു ജില്ലകളിൽ നിന്നുള്ളവയ്ക്കു പുറമെ അയൽ സംസ്ഥാനങ്ങളായ കർണാടക, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നുള്ള ഉൽപന്ന വരവും കുറഞ്ഞതാണു കാരണം.

Leave a Comment

error: Content is protected !!
Join Our Whatsapp