Home Featured തമിഴ്നാട്ടിലെ എല്ലാ മുസ്ലിം വിഭാഗങ്ങളെയും പിന്നാക്കമായി പരിഗണിക്കാനാവില്ലെന്ന് കോടതി

തമിഴ്നാട്ടിലെ എല്ലാ മുസ്ലിം വിഭാഗങ്ങളെയും പിന്നാക്കമായി പരിഗണിക്കാനാവില്ലെന്ന് കോടതി

ചെന്നൈ: ഇസ്‍ലാം മതം സ്വീകരിച്ചയാളുടെ പിന്നാക്കസംവരണത്തിനായ അവകാശവാദം മദ്രാസ് ഹൈകോടതി മധുര ബെഞ്ച് നിരസിച്ചു.സംവരണ വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്തതിനാല്‍ തന്‍റെ ഫലം തടഞ്ഞുവെച്ച തമിഴ്‌നാട് പബ്ലിക് സര്‍വിസ് കമീഷന്‍ (ടി.എന്‍.പി.എസ്‌.സി) തീരുമാനത്തെ ചോദ്യംചെയ്ത് യു. അക്ബര്‍ അലി സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് ജി.ആര്‍. സ്വാമിനാഥന്റെ ഉത്തരവ്.

അക്ബറിനെ ഓപണ്‍ കാറ്റഗറിയില്‍ മാത്രമേ ഉള്‍പ്പെടുത്താന്‍ കഴിയൂവെന്ന് ടി.എന്‍.പി.എസ്.സി അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ഈ തീരുമാനത്തെ ചോദ്യംചെയ്ത് അക്ബര്‍ കോടതിയെ സമീപിച്ചത്. മതപരിവര്‍ത്തനത്തിന് ശേഷം താന്‍ ഇപ്പോള്‍ മുസ്‍ലിം ലബ്ബൈ സമുദായത്തിലാണെന്ന് അക്ബര്‍ അലി അവകാശപ്പെട്ടിരുന്നു.

എന്നാല്‍, തമിഴ്‌നാട്ടിലെ എല്ലാ മുസ്‍ലിംകളെയും പിന്നാക്കവിഭാഗമായി പരിഗണിക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. റാവുത്തര്‍, മരയ്ക്കാര്‍, മാപ്പിള, സയ്യിദ്, ഷെയ്‌ക്ക് സമുദായങ്ങള്‍ ഉള്‍പ്പെടെ അന്‍സാര്‍, ദഖനി, ദുദെകുല, ലബ്ബൈ എന്നിവ മാത്രമാണ് സംസ്ഥാനത്ത് പിന്നാക്കവിഭാഗത്തില്‍ വരുന്നതെന്ന് കോടതി പറഞ്ഞു.

രാമനാഥപുരം ജില്ലയിലെ ഖാദി നല്‍കിയ സര്‍ട്ടിഫിക്കറ്റില്‍ ഹരജിക്കാരന്‍ മുസ്‍ലിം എന്ന് മാത്രമേ പറയുന്നുള്ളൂ. റവന്യൂ അധികൃതര്‍ക്കോ മതേതര സര്‍ക്കാറിനോ മതപരിവര്‍ത്തനം ചെയ്യപ്പെട്ട വ്യക്തിയെ മതത്തിലെ ഒരു പ്രത്യേക വിഭാഗത്തിലേക്ക് മാറ്റാനാവില്ലെന്ന് അഭിപ്രായപ്പെട്ട കോടതി ഓപണ്‍ കാറ്റഗറിയില്‍ പരിഗണിക്കാനുള്ള ടി.എന്‍.പി.എസ്‌.സിയുടെ തീരുമാനം ശരിവെച്ചു.

You may also like

error: Content is protected !!
Join Our Whatsapp