ചെന്നൈ: അധിക നിരക്ക്ഈടാക്കിയ സ്വകാര്യ ബസുകളിൽ യാത്ര ചെയ്തവർക്കു തുക തിരിച്ചു നൽകാൻ ഗതാഗത വകുപ്പിന്റെ നിർദേശം. മൂന്നു ദിവസം തുടർച്ചയായി അവധി ലഭിച്ചതിനാൽ ഒട്ടേറെ പേർ ദീർഘദൂര ബസുകളിൽ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു.എന്നാൽ ബസുകളിൽ യഥാർഥ നിരക്കിനേക്കാൾ മൂന്നിരട്ടി വരെ അധിക നിരക്ക് ഈടാക്കി. 21 ബസുകൾ അധികമായി ഈടാക്കിയ 11,000 രൂപ തിരിച്ചു നൽകാനാണു ഗതാഗത വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതുൾപ്പെടെ നികുതി അടയ്ക്കാത്തതിനും മതിയായ രേഖകൾ ഇല്ലാത്തതിനുമെല്ലാം ചേർത്ത് 60 ബസുകൾക്ക് 1.37 ലക്ഷം രൂപ പിഴയിട്ടു.നിരക്ക് വർധിപ്പിച്ചതിനെതിരെ യാത്രക്കാർ വ്യാപകമായി പരാതിപ്പെട്ടതോടെ ശക്തമായ നടപടി എടുക്കുമെന്ന് വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. പരിശോധിക്കുന്നതിനായി 5 സംഘങ്ങളെ ചുമതല പ്പെടുത്തുകയും ചെയ്തു.