ചെന്നൈ • സർക്കാർ ബസ് ഡ്രൈവർ മദ്യപിച്ച് ബോധരഹിതനായതോടെ വളയം പിടിച്ച് കണ്ടക്ടർ, ബസ് ഓടിച്ചു പരിചയമില്ലാത്ത കണ്ടക്ടറുടെ ഡ്രൈവിങ്ങിലെ അപാകത തിരിച്ചറിഞ്ഞതിനെ തുടർന്ന് പ്രതിഷേധിച്ച യാത്രക്കാരെ സ്ഥലത്തെത്തിയ പൊലീസ് മറ്റൊരു ബസിൽ കയറ്റിവിട്ടു. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച ഗതാഗത വകുപ്പ് ഡ്രൈവറെയും കണ്ടക്ടറെയും സസ്പെൻഡ് ചെയ്തു.
തിരുപ്പതിയിൽ നിന്ന് പുതുച്ചേരിയിലേക്കു സർവീസ് നടത്തുന്ന റൂട്ട് നമ്പർ 212 ബസിലാണ് സിനിമാക്കഥയെ വെല്ലുന്ന രംഗങ്ങൾ അരങ്ങേറിയത്.കാഞ്ചീപുരത്തു നിന്നു കയറിയ യാത്രക്കാർക്ക് ടിക്കറ്റുകൾ നൽകിയ ശേഷം കണ്ടക്ടർ ബസിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു.
വഴി തെറ്റിയതു ശ്രദ്ധയിൽ പെട്ടപ്പോഴാണ് ബസോടിക്കുന്നത് കണ്ടക്ടറാണെന്ന് യാത്രക്കാർ അറിഞ്ഞത്. ഡ്രൈവർ ധരണീന്ദ്രൻ ബോധരഹിതനായി സീറ്റിൽ കിടക്കുകയായിരുന്നു. ഡ്രൈവിങ്ങിലെ അപാകതകളെ തുടർന്ന് യാത്രക്കാർ ബഹളം വച്ചതോടെ വന്തവാസിയിൽ ബസ് നിർത്തി.