ചെന്നൈ: മറീന ബീച്ച് നവീകരിക്കാനൊരുങ്ങി ചെന്നൈ കോര്‍പ്പറേഷന്‍. ഭൂപ്രകൃതിക്കനുസരിച്ച് പ്രത്യേക രീതിയില്‍ മോഡി പിടിപ്പിക്കുവാനാണ് പദ്ധതിയിടുന്നതെന്ന് അധികൃതര്‍ അറിയിച്ചു.തീരം സൗന്ദര്യവത്കരിക്കുന്നതിനായി ആര്‍ക്കിട്ടെക്ടുകളുടെ ഉപദേശം തേടിയിട്ടുണ്ട്. ആറ് കിലോമീറ്റര്‍ നീളമുള്ളതാണ് മറീന ബീച്ച്.
ഒരു തീം കേന്ദ്രീകരിച്ചാകും സൗന്ദര്യവത്കരണം.ഗതാഗതം, മെട്രൊ റെയില്‍ തുടങ്ങി മറ്റ് വകുപ്പുകളിലെ അധികൃതരുമായി നവീകരണത്തിന്‍റെ സൗകര്യങ്ങളെ കുറിച്ച് ചര്‍ച്ച നടത്തും. തീരദേശ നിയന്ത്രണ മേഖലയിലെ നിയമങ്ങള്‍ പാലിച്ചായിരിക്കും നവീകരിക്കുക എന്നും കോര്‍പ്പറേഷന്‍ വ്യക്തമാക്കി.
ചരിത്രപരമായും രാഷ്ട്രീയപരമായും രാജ്യത്ത് ഏറ്റവും പ്രാധാന്യമുള്ള ബീച്ചുകളിലൊന്നായ മറീന ചെന്നൈയുടെ പ്രധാന ആകര്‍ഷണമാണ്. 2017ല്‍ മറീനയിലും ഇലിയറ്റ് ബീച്ചിലും 29 കോടിയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.
സ്വദേശ് ദര്‍ശന്‍ എന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതി പ്രകാരമായിരുന്നു പ്രവര്‍ത്തനങ്ങള്‍. കൂടാതെ ചെറിയ നവീകരണങ്ങള്‍ ഇവിടെ തുടരുന്നുണ്ടായിരുന്നു. പ്രകാശിപ്പിച്ച കൃത്രിമ വെള്ളച്ചാട്ടം, ജലധാര യന്ത്രം തുടങ്ങിയവയാണ് ആവിഷ്കരിച്ചത്.