ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട മാന്‍ദൗസ് ചുഴലിക്കാറ്റ് ഇന്ന് രാത്രി തമിഴ്‌നാട് തീരം തൊടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.ഇതിന്റെ സ്വാധീനഫലമായി ചെന്നൈയില്‍ അടക്കം കനത്തമഴയാണ് ലഭിക്കുന്നത്. ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ കടല്‍ക്ഷോഭം രൂക്ഷമായിട്ടുണ്ട്. പുതുച്ചേരിയില്‍ രാവിലെ എട്ടു വീടുകള്‍ കടലെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.
മോശം കാലാവസ്ഥയെ തുടര്‍ന്ന് ചെന്നൈ വിമാനത്താവളത്തില്‍ നിന്നുള്ള 13 സര്‍വീസുകള്‍ റദ്ദാക്കി. കണ്ണൂര്‍, കോഴിക്കോട് സര്‍വീസുകളും ഇതില്‍ ഉള്‍പ്പെടും.ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി തമിഴ്നാട്ടിലും പുതുച്ചേരിയിലും ആന്ധ്രയിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
മണിക്കൂറില്‍ 75 മുതല്‍ 85 വരെ കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റു വീശാനും സാധ്യതയുണ്ട്. തമിഴ്നാട്, ആന്ധ്ര സംസ്ഥാനങ്ങളില്‍ ദുരന്ത നിവാരണ സേനയ്ക്ക് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ചുഴലിക്കാറ്റിന്റെയും മഴ മുന്നറിയിപ്പിന്റെയും പശ്ചാത്തലത്തില്‍ തമിഴ്നാട്ടില്‍ 27 ജില്ലകളില്‍ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും രണ്ടു ദിവസം അവധി പ്രഖ്യാപിച്ചു. തമിഴ്നാട്ടിലെ 13 ജില്ലകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. വടക്കന്‍ തമിഴ്നാട്, പുതുച്ചേരി, തെക്കന്‍ ആന്ധ്രാപ്രദേശ് തീരങ്ങളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു.
ചുഴലിക്കാറ്റ് രാത്രി 11 മണിയോടെ മഹാബലിപുരത്തിനു തെക്കായി വില്ലുപുരത്തെ ‘ മരക്കാനം ‘ തീരത്ത് ‘ നിലം തൊടുമെന്നാണ് വിലയിരുത്തല്‍.നിലം തൊടുമ്ബോള്‍ ഏകദേശം 70-100 കിലോമീറ്റര്‍ വേഗതയിലുള്ള ചുഴലിക്കാറ്റ് ആകാനാണ് സാധ്യത. പുതുചേരി മുതല്‍ ചെന്നൈ വരെയാണ് ചുഴലിക്കാറ്റിന്റെ പ്രധാന സ്വാധീന മേഖല. മാന്‍ഡസ് ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി കേരളത്തിലും ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.