ചെന്നൈ: തമിഴ്നാട്ടിലെ പ്രതിപക്ഷ കക്ഷിയായ എ.ഐ.എ.ഡി.എം.കെയില്‍ വീണ്ടും എടപ്പാടി പളനിസാമി, ഒ. പനീര്‍ സെല്‍വം പോര്.പളനിസാമി പാര്‍ട്ടി പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നെന്നാരോപിച്ച് ഒ. പനീര്‍ സെല്‍വം ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി. പനീര്‍സെല്‍വത്തെ അപമാനിച്ച് ഇറക്കിവിട്ടെന്നാണ് അദ്ദേഹത്തിന്റെ അനുയായികളുടെ ആരോപണം.
കൗണ്‍സിലില്‍ പങ്കെടുത്ത ഭൂരിഭാഗം പ്രതിനിധികളും പളനിസാമിക്കാണ് പിന്തുണ പ്രഖ്യാപിച്ചത്. ജൂലൈ 11ന് ചേരുന്ന ജനറല്‍ കൗണ്‍സില്‍ അദ്ദേഹത്തെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കുമെന്നും പിന്തുണക്കുന്നവര്‍ അറിയിച്ചു. എന്നാല്‍, ജനറല്‍ കൗണ്‍സില്‍ വീണ്ടും വിളിക്കാന്‍ തീരുമാനമില്ലെന്നാണ് പനീര്‍സെല്‍വത്തെ പിന്തുക്കുന്നവര്‍ പറയുന്നത്.ജനറല്‍ കൗണ്‍സിലിന് അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് പനീര്‍സെല്‍വം നല്കിയ ഹരജി മദ്രാസ് ഹൈകോടതി തള്ളിയിരുന്നു.
രാഷ്ട്രീയ പാര്‍ട്ടിയുടെ ആഭ്യന്തര പ്രശ്നങ്ങളില്‍ ഇടപെടേണ്ട കാര്യമില്ലെന്ന് വ്യക്തമാക്കിയാണ് ഹരജി തള്ളിയത്. നേരത്തെ തീരുമാനിച്ച 23 ഇന അജണ്ട മാത്രമേ കൗണ്‍സില്‍ ചര്‍ച്ച ചെയ്യാന്‍ പാടുള്ളൂവെന്ന പനീര്‍സെല്‍വത്തിന്റെ ആവശ്യത്തിലും കോടതി തീരുമാനമെടുത്തില്ല. ഇതാണ് പാര്‍ട്ടിയെ വരുതിയിലാക്കാന്‍ പളനിസാമിക്ക് സഹായകരമായത്.