ചെന്നൈ : തെരുവിൽ പോസ്റ്റർ യുദ്ധത്തിലേക്ക് വഴിമാറി അണ്ണാഡിഎംകെയിലെ പോര്. പരസ്പരം വെല്ലുവിളിച്ചും പുറത്താക്കിയുമുള്ള പോസ്റ്ററുകളാണ് വിവിധ സ്ഥലങ്ങളിൽ പതിച്ചിരിക്കുന്നത്.ഇതുവരെ കാര്യമായി കളത്തിലില്ലാതിരുന്ന വി.കെ.ശശികലയുടെ പോസ്റ്ററും പ്രത്യക്ഷപ്പെട്ടതോടെ പാർട്ടിയിലെ ആഭ്യന്തര യുദ്ധം ശക്തമാകുകയാണ്.
പാർട്ടി ജോയിന്റ് കോഓർഡിനേറ്റർ എടപ്പാടി പളനിസാമി, മുതിർന്ന നേതാക്കളായ കെ.പി.മുനുസ്വാമി, സി.വി. ഷൺമുഖം എന്നിവരെ പാർട്ടിയിൽ നിന്നു പുറത്താക്കിയെന്ന് അറിയിച്ച് മധുരയിലെ തെരുവുകളിൽ ഒ പനീർസെൽവം അനുഭാവികൾ ഒട്ടിച്ച പോസ്റ്ററാണ് ആദ്യം ചർച്ചയായത്.
മൂവരെയും കഴിഞ്ഞ 26 മുതൽ പാർട്ടിയുടെ അടിസ്ഥാന അംഗത്വത്തിൽ നിന്നടക്കം പുറത്താക്കിയെന്നാണ്, ഒപിഎസ് അനുഭാവി മിസ സെന്തിലിന്റെ പേരിലിറങ്ങിയ പോസ്റ്ററിൽ പറയുന്നത്. പിന്നാലെ, ചെന്നൈയിൽ അണ്ണാഡിഎംകെ പാർട്ടി ആസ്ഥാനത്തിനടുത്ത് വി. കെ.ശശികലയെ സ്വാഗതം ചെയ്തുള്ള പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. പാർട്ടിയെ രക്ഷിക്കാൻ ചിന്നമ്മ പാർട്ടി ഓഫിസിലെത്തു എന്നാണു പോസ്റ്ററിൽ എഴുതിയിരിക്കുന്നത്. എടപ്പാടി തന്നെ തലൈവർ എന്ന് പ്രഖ്യാപിക്കുന്ന പോസ്റ്ററുകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പോരാട്ടം തിരഞ്ഞെടുപ്പ് കമ്മിഷനിലും
ചെന്നൈ : കഴിഞ്ഞ ജനറൽ കൗൺസിൽ യോഗത്തിൽ അടക്കം പാർട്ടി ഭരണഘടന ലംഘിക്കപ്പെട്ടെന്ന് ആരോപിച്ച് ഒ.പനീർ സെൽവം ദേശീയ തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചതിനു പിന്നാലെ എടപ്പാടി പളനിസാമിയും കമ്മിഷനു മുന്നിലെത്തി. പാർട്ടിയുടെ ഭൂരിപക്ഷം ജനറൽ കമ്മിറ്റി അംഗങ്ങളും തനിക്കനുകൂലമാണെന്നും ഏക നേതൃത്വമാണ് അവർ ആഗ്രഹിക്കുന്നതെന്നും എടപ്പാടി അവകാശപ്പെട്ടിട്ടുണ്ട്.