ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷന്റെ മതിൽ ഇടിയാറായതോടെ ആശങ്കയിൽ സമീപവാസികൾ. സ്റ്റേഷന്റെ വടക്കു ഭാഗത്ത് വാൾടാക്സ് റോഡിനോടു ചേർന്ന മതിലാണ് അപകടാവസ്ഥയിലായത്.കാലപ്പഴക്കം മൂലം ദ്രവിച്ച് സിമന്റ് അടർന്നുപോയ നിലയിലായിരുന്ന മതിലിന്റെ അറ്റകുറ്റപ്പണികൾ നടത്തണമെന്ന് ആവശ്യപ്പെട്ടു പലതവണ റെയിൽവേ അധികാരികളെ സമീപിച്ചെങ്കിലും നടപടികൾ ഉണ്ടായില്ലെന്ന് സമീപത്ത് ലോഡ്ജ് നടത്തുന്ന സമത് പറഞ്ഞു.
മതിലിനിടയിലൂടെ എലികൾ മണ്ണു മാന്താനും തുടങ്ങിയതോടെ ഏതു നിമിഷവും മതിൽ ഇടിഞ്ഞു വീണേക്കുമെന്ന അവസ്ഥയാണിപ്പോൾ.സ്റ്റേഷനിൽ നിന്നു വരുന്ന യാതക്കാരടക്കം നഗരത്തിലെ പതിനായിരക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന തിരക്കേറിയ റോഡിനോടു ചേർന്ന മതിലിന്റെ അപകടാവസ്ഥ ഗൗരവത്തോടെ കാണാൻ അധികൃതർ തയാറാകുന്നില്ല എന്നാണു പരാതി.
മതിലിടിഞ്ഞാൽ സമീപത്തെ കെട്ടിടങ്ങളെ ബാധിക്കുന്നതിനു പുറമേ ഗതാഗതവും തടസ്സപ്പെടും. ശക്തമായ മഴയുണ്ടായാൽ മതിലിടിയാനുള്ള സാധ്യത കൂടുതലാണ്.
ഡിവിഷനൽ ഓഫിസിൽ നേരിട്ടു പോയി പരാതി പറയുകയും രേഖാമൂലം ആവശ്യപ്പെടുകയും ചെയ്തിട്ടും ആരും തിരിഞ്ഞു നോക്കിയില്ല എന്ന് സിമത് പറഞ്ഞു. ദക്ഷിണ റെയിൽവേയുടെ ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് മതിലിന്റെ അറ്റകുറ്റപ്പണികൾ ഉടൻ നടത്താൻ തയാറാകണമെന്നാണു പരിസരവാസികളുടെ ആവശ്യം.