ചെന്നൈ • ബസുകൾ സ്റ്റോപ്പുകളിലോ ബസ്ബേയിലോ നിർത്തിയ ശേഷമേ യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യാവു എന്നു ഡ്രൈവർമാർക്ക് മെട്രോപ്പൊലിറ്റൻ ട്രാൻസ്പോർട് കോർപറേഷൻ (എംടിസി) നിർദേശം നൽകി. ചില ബസുകൾ റോഡിനു നടുവിൽ നിർത്തുന്നുവെന്നും സ്റ്റോപ്പിൽ നിർത്താതെ അൽപ ദൂരം മാറി നിർത്തുന്നുവെന്നും പരാതി വ്യാപകമായതോടെയാണു കർശന നിർദേശം നൽകിയത്.
റോഡിനു നടുവിൽ നിർത്തുന്ന ബസിൽ കയറുമ്പോൾ യാത്രക്കാർ അപകടത്തിൽ പെടാൻ സാധ്യതയുണ്ട്. സ്റ്റോപ്പിൽ നിർത്താത്ത ബസിലേക്കു യാത്രക്കാർ ഓടിക്കയറുമ്പോൾ വീണു പരുക്കേൽക്കാൻ സാധ്യതയുണ്ടെന്നതു കൂടി കണക്കിലെടുത്താണ് തീരുമാനം.