കോയമ്ബത്തൂര്‍: സ്‌കൂള്‍ പ്രവേശനത്തിനുള്ള അപേക്ഷയില്‍ ജാതി, മത കോളങ്ങള്‍ പൂരിപ്പിക്കാത്തത് കൊണ്ട് പല സ്വകാര്യ സ്‌കൂളുകളും മൂന്നുവയസുള്ള മകള്‍ക്ക് അഡ്മിഷന്‍ നല്‍കിയില്ലെന്ന് ഡിസൈനറായ നരേഷ് കാര്‍ത്തിക്.ഇതോടെ മകളെ ജാതിയും മതവും ഇല്ലാത്തവളായി വളര്‍ത്താന്‍ തീരുമാനിക്കുകയും അതിനുള്ള സര്‍ടിഫികറ്റ് സ്വന്തമാക്കുകയും ചെയ്തു കാര്‍ത്തിക്.
മാത്രമല്ല, മകളെ മതവും ജാതിയും ഇല്ലാത്തവളായി അംഗീകരിക്കുന്ന ഒരു സ്‌കൂളില്‍ ചേര്‍ക്കാനും യുവാവ് തീരുമാനിച്ചു. ഒരു ചെറിയ ഡിസൈന്‍ സ്ഥാപനം നടത്തുന്ന നരേഷ് കാര്‍ത്തിക്, മകള്‍ക്ക് അഡ്മിഷന് വേണ്ടി സമീപിച്ച സ്‌കൂളുകളിലെ അപേക്ഷാ ഫോറങ്ങളിലെ ജാതി, മതം എന്ന കോളം പൂരിപ്പിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് മകള്‍ ജി എന്‍ വില്‍മ ഒരു ജാതിയിലും മതത്തിലും പെടുന്നില്ല എന്ന് കാട്ടി കോയമ്ബത്തൂര്‍ നോര്‍ത് തഹസീല്‍ദാര്‍ക്ക് അപേക്ഷ നല്‍കി.
ഇപ്പോള്‍ സര്‍ടിഫികറ്റും ലഭിച്ചു.’സ്‌കൂള്‍ പ്രവേശനത്തിനുള്ള അപേക്ഷയില്‍ ജാതി, മത കോളങ്ങള്‍ പൂരിപ്പിക്കാതിരിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് 1973 ലും പിന്നീട് 2000 ലും സംസ്ഥാന സര്‍കാര്‍ ഉത്തരവ് (GO) ഇറക്കിയിട്ടുണ്ട്. പക്ഷേ സ്‌കൂള്‍ അധികാരികള്‍ക്ക് ഇതിനെക്കുറിച്ച് ഒരു അറിവുമില്ല,’ നരേഷ് പറഞ്ഞു. ‘ഞാന്‍ അവരെ ജിഒ പകര്‍പ്പുകള്‍ കാണിച്ചു.എന്നാല്‍ വിവിധ സമുദായങ്ങളില്‍ നിന്നുള്ളവരുടെ സ്‌കൂള്‍ പ്രവേശനം, കൊഴിഞ്ഞുപോക്ക് എന്നിവയെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകള്‍ കാട്ടി സര്‍കാരിന് വിശദാംശങ്ങള്‍ നല്‍കണമെന്ന് അധികൃതര്‍ നിര്‍ബന്ധം പിടിച്ചു.
സ്ഥിതിവിവരക്കണക്കുകളില്‍ നിന്ന് എന്നെ ഒഴിവാക്കുകയോ, ഞങ്ങളെപ്പോലുള്ള ആളുകള്‍ക്ക് ഒരു പ്രത്യേക വിഭാഗം ഉണ്ടാക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും അവര്‍ അത് നിരസിച്ചു. ഇതോടെയാണ് ജാതിയും മതവും ഇല്ലാത്ത കുട്ടിയാണെന്ന് തെളിയിക്കുന്ന സര്‍ടിഫികറ്റിന് അപേക്ഷ നല്‍കിയത്’ എന്ന് നരേഷ് വ്യക്തമാക്കി.മകളുടെ പ്രവേശനത്തിനായി ഇരുപത്തിരണ്ട് സ്വകാര്യ സ്‌കൂളുകളില്‍ അപേക്ഷിച്ചു.
‘ജാതി, മത കോളങ്ങള്‍ പൂരിപ്പിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ച് എല്ലാവരും അപേക്ഷ തള്ളിക്കളഞ്ഞു. എന്റെ മകളെ എവിടേക്കാണ് അയക്കേണ്ടതെന്ന് ഞാന്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു, എന്നാല്‍ ആ അപേക്ഷകളിലെ കോളങ്ങള്‍ പൂരിപ്പിക്കാതിരുന്നാല്‍ എന്ത് സംഭവിക്കുമെന്ന് അറിയാന്‍ ആഗ്രഹിച്ചു. ഒരാളുടെ ജാതിയോ മതമോ പ്രഖ്യാപിക്കാതിരിക്കാനുള്ള ഒരു വ്യവസ്ഥയെക്കുറിച്ച് സ്‌കൂള്‍ അധികൃതര്‍ക്ക് അറിയാത്തത് ദൗര്‍ഭാഗ്യകരമാണെന്നും നരേഷ് ചൂണ്ടിക്കാട്ടി.