ചെന്നൈ: റെയ്ഡില്‍ എഴുപത് കിലോ പഴകിയ ഇറച്ചി കണ്ടെത്തിയതിനെ തുടര്‍ന്ന് ബിരിയാണി വില്‍പന നിര്‍ത്തിവയ്ക്കാന്‍ ഹോടെലിന് നോടിസ് നല്‍കി ഭക്ഷ്യസുരക്ഷാ വകുപ്പ്. വ്യാഴാഴ്ച ചെന്നൈ വടപളനിയിലെ യാ മൊഹൈദീന്‍ എന്ന ബിരിയാണി ഔട്‌ലെറ്റില്‍ നടത്തിയ റെയ്ഡിലാണ് 70 കിലോ പഴകിയ ഇറച്ചിയും 30 കിലോ ബിരിയാണിയും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്.
ഇറച്ചി ഫ്രിഡ്ജില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. മാംസം ശരിയായ താപനിലയില്‍ സൂക്ഷിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഇതോടെ 5000 രൂപ പിഴ ചുമത്തി. നാഷനല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിംഗ് ആന്‍ഡ് കാലിബ്രേഷന്‍ ലബോറടറീസില്‍ (NABL) നിന്ന് കോള്‍ഡ് ചെയിന്‍ മാനേജ്‌മെന്റില്‍ സര്‍ടിഫികറ്റ് വാങ്ങാന്‍ ഹോടെല്‍ ഉടമകളോട് നിര്‍ദേശിച്ചിട്ടുണ്ട്. അടുക്കളയിലും ഫ്രീസറിലുമുള്ള സൗകര്യങ്ങള്‍ നവീകരിക്കണമെന്നും ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു.
പിടിച്ചെടുത്ത മാംസവും ബിരിയാണിയും സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഫലങ്ങളുടെ അടിസ്ഥാനത്തില്‍, ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ച് ഹോടെലിനെതിരെ കൂടുതല്‍ കുറ്റം ചുമത്തുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.