ചെന്നൈ:ചെസ് ഒളിംപ്യാഡിനു വേദിയാകുന്ന മഹാബലിപുരത്ത് റോഡുകളിൽ അലഞ്ഞു തിരിയുന്ന പന്നികളെ പിടികൂടി നീക്കാൻ നഗര സഭ നടപടി തുടങ്ങി. മഹാബലിപുരത്തെ റോഡുകളിൽ പന്നികൾ അലഞ്ഞു തിരയുന്നത് പതിവു കാഴ്ചയാണ്. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കമ്പിവേലികൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ചിലയിടങ്ങളിൽ വിടവുകളിലൂടെ നുഴഞ്ഞുകയറുന്ന പന്നികൾ വിനോദസഞ്ചാരികൾക്ക് ഭീഷണിയാകുന്നുണ്ട്.
രാജ്യാന്തര ചെസ് താരങ്ങളും ആരാധകരും എത്തുന്ന മേളയുടെ ശോഭ കുറയ്ക്കാൻ പന്നിശല്യം കാരണമാകുമെന്ന് കണ്ടതോടെയാണ് നടപടിയുമായി നഗരസഭ രംഗത്തെത്തിയത്.റോഡിൽ അലഞ്ഞുതിരിയുന്ന പന്നികളെ പിടികൂടി പ്രത്യേക കേന്ദ്രങ്ങളിലേക്കു മാറ്റുകയാണ് ചെയ്തത്.
പ്രദേശത്തെ പന്നി കർഷകരുടെ വീടുകളിൽ നഗരസഭാധികൃതർ നോട്ടിസ് നൽകി. പന്നികളെ റോഡിൽ തുറന്നു വിടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒളിംപ്യാഡ് ജൂലൈ 28 മുതൽ ഓഗസ്റ്റ് 10 വരെയാണു നടക്കുക.