തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/KI3LcXUugQtLQKUwQddv8w
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
ചെന്നൈ: കോർപറേഷൻ അംഗീകരിച്ച കെട്ടിട നിർമാണ പ്ലാനിനു വിരുദ്ധമായി നിർമാണം നടത്തുന്നവരെ കാത്തിരിക്കുന്നത് ‘അഞ്ചിന്റെ’ പണി. ഇത്തരത്തിൽ നിർമാണം നടത്തുന്നവരിൽ നിന്ന് വൈദ്യുതി, വെള്ളം മുതലായവയുടെ നിരക്ക് അഞ്ചിരട്ടിയായി ഈടാക്കാനാണ് ഹൈക്കോടതിയുടെ നിർദേശം. വസ്തു നികുതിയും സമാനമായ വിധത്തിൽ തന്നെയായിരിക്കും ഈടാക്കുക. അനധികൃത പ്രവർത്തനങ്ങൾ ശരിയാക്കുന്നതു വരെ ഇതു തുടരും, ഹൈക്കോടതിയുടെ നിർദേശത്തിന്റെ പശ്ചാത്തലത്തിൽ, ഇത്തരത്തിൽ നിർമാണം നടത്തുന്ന വ്യക്തികളും സ്ഥാപനങ്ങളും ജാഗ്രത പുലർത്തേണ്ടതാണ്.
കോർപറേഷൻ പ്ലാൻ അംഗീകരിച്ച ശേഷം നിർമാണത്തിൽ നേരിയ മാറ്റം വരുത്തുന്നവർക്കെതിരെയും നിർമാണം പൂർത്തിയായ ശേഷം പ്ലാൻ അപേക്ഷ നൽകുന്നവർക്കെതിരെയുമാണ് നടപടി ഉണ്ടാവുക. വൈദ്യുതി,ശുദ്ധജല, സുവിജ് പ്രതിമാസ ബില്ലിന്റെ അഞ്ചു മടങ്ങായിരിക്കും ഈടാക്കുക. വസ്തു നികുതിയിലും പിടി വീഴും. നഗരത്തിൽ ഈ വക ചെലവുകളെല്ലം അധികമാണെന്നിരിക്കെ പിഴ കൂടി ചുമത്തുന്നതോടെ ഭീമമായ ചെലവായി മാറുമെന്ന കാര്യം ഉറപ്പാണ്. നഗരത്തിലെ മുഴുവൻ നിർമാണങ്ങളും പരിശോധിച്ച് എല്ലാം ഭദ്രമാണെന്ന് ഉറപ്പു വരുത്താൻ കോർപറേഷനു കോടതി നിർദേശവും നൽകിയിട്ടുണ്ട്. കോർപറേഷന്റെ ലോക്ക് ആൻഡ് സീൽ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബി.കാഞ്ചന സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിർണായക നിർദേശങ്ങൾ.
വീടു നിർമിക്കുന്നതിനായി കോർപറേഷന്റെ അംഗീകാരം തേടിയിരുന്നുവെന്നും എന്നാൽ അനങ്ങാപ്പാറ നയം സ്വീകരിച്ച കോർപറേഷൻ ഇപ്പോൾ വീടു പൂട്ടി മുദ്ര വയ്ക്കുകയാണെന്നും ഹർജിക്കാരി ആരോപിച്ചു. എന്നാൽ ഹർജി തള്ളിയ കോടതി, ബന്ധപ്പെട്ട അധികാരികൾക്ക് ആവശ്യത്തിനു സമയം നൽകണമെന്നും അഭിപ്രായപ്പെട്ടു. നഗരത്തിൽ നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾ കർശനമായി നിരീക്ഷിക്കാൻ കോർപറേഷന് കോടതി നിർദേശം നൽകി. കെട്ടിടങ്ങളുടെ ബേസ്മെന്റ് പണിയുന്നത് മുതൽ പരിശോധിക്കാനാണ് നിർദേശം.
റോഡിൽ നിന്നു നിശ്ചിത അകലത്തിലാണോ കെട്ടിടം നിർമിക്കുന്നതെന്ന് തുടക്കത്തിൽ തന്നെ കണ്ടെത്താനും ഇതു വഴി കോർപറേഷനു സാധിക്കും. പ്ലാനിന് അനുസൃതമായി റോഡിൽ നിന്ന് നിശ്ചിത അകലത്തിലാണ് നിർമാണം നടത്തേണ്ടതെങ്കിലും പല കെട്ടിടങ്ങളും നിയമം ലംഘിച്ചാണു പണിയുന്നതെന്ന് പരാതി ഉയരാറുണ്ട്. താമസക്കാരും അധികൃതരും തമ്മിലുള്ള വലിയ തർക്കത്തിനും ഇതു വഴിവയ്ക്കാറുണ്ട്. ഇത്തരം തട്ടിപ്പുകൾ മുളയിലേ നുള്ളുകയാണ് കോടതി ഉത്തരവിലൂടെ ലക്ഷ്യമിടുന്നത്.