Home Featured ജല്ലിക്കെട്ട് മത്സരങ്ങള്‍ ഇനി ഐപിഎല്‍ മാതൃകയില്‍; ലോകോത്തര സ്റ്റേഡിയം തുറന്ന് തമിഴ്നാട്

ജല്ലിക്കെട്ട് മത്സരങ്ങള്‍ ഇനി ഐപിഎല്‍ മാതൃകയില്‍; ലോകോത്തര സ്റ്റേഡിയം തുറന്ന് തമിഴ്നാട്

by jameema shabeer

ചെന്നൈ: തമിഴ്നാട്ടിലെ പരമ്ബരാഗത കായിക വിനോദമായ ജല്ലിക്കെട്ട് ഇനി വേറെ ലെവലാകും. ജല്ലിക്കെട്ടിന് പ്രശസ്തമായ മധുര ജില്ലയിലെ അലങ്കനല്ലൂരിലെ കീലക്കരൈയില്‍ അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയം തുറന്നു. 63 കോടി ചെലവില്‍ ലോകോത്തര നിലവാരത്തില്‍ 5000 പേർക്ക് ഇരിക്കാവുന്ന വിധത്തില്‍ നിർമിച്ച സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി സ്റ്റാലിൻ നിർവഹിച്ചു.

2007 മുതല്‍ ഇന്ത്യയില്‍ വൻ വിജയകരമായി മുന്നേറുന്ന ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റായ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎല്‍) മാതൃകയിലായിരിക്കും ഇനി ജല്ലിക്കെട്ട് മത്സരങ്ങള്‍ നടത്തുക. ഇതിനായി കായികമന്ത്രി ഉദയനിധി സ്റ്റാലിന്റെ നേതൃത്വത്തില്‍ മധുര ജില്ലാ ഭരണകൂടവും സംസ്ഥാന കായികവകുപ്പും പ്രാരംഭചർച്ചകള്‍ നടത്തി.

സ്പെയിനിലെ കാളപ്പോര് സ്റ്റേഡിയങ്ങളെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് 65 ഏക്കറിലായി ഭീമമായ ചെലവില്‍ ജല്ലിക്കെട്ട് അരീന നിർമിച്ചിട്ടുള്ളത്. പരമ്ബരാഗത കലാപ്രകടനം ഉള്‍പ്പെടെയുള്ള പരിപാടികളോടെയായിരുന്നു ഉദ്ഘാടനച്ചടങ്ങുകള്‍. ചടങ്ങുകള്‍ക്കു ശേഷം 500ലേറെ കാളകളും 300ലേറെ വീരന്മാരും കരുത്തുകാട്ടിയ മത്സരം അരങ്ങേറി. പതിനായിരത്തിലേറെ പേരാണ് മത്സരം കാണാനെത്തിയത്.

75,000 ചതുരശ്രയടിയിലേറെ വലിപ്പമുള്ള സ്റ്റേഡിയത്തില്‍ ജല്ലിക്കെട്ട് ചരിത്രം വിവരിക്കുന്ന മ്യൂസിയം, ലൈബ്രറി, പ്രദർശന ഹാള്‍, വിശ്രമമുറികള്‍, ഓഫീസ് മുറികള്‍, മെഡിക്കല്‍ സെന്ററുകള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. കൂടാതെ, പരിക്കേറ്റ കാളകളെയും വീരന്മാരെയും ചികിത്സിക്കാനുള്ള സൗകര്യവും ഉള്‍പ്പെടുത്തിയിട്ടുള്ളത്.

അന്തരിച്ച മുൻ മുഖ്യമന്ത്രിയും സ്റ്റാലിന്റെ പിതാവുമായ എം. കരുണാനിധിയുടെ സ്മരണാർഥം ‘കലൈഞ്ജർ ശതാബ്ദി എരു തഴുവുതല്‍ അരങ്ങ്’ എന്നാണ് സ്റ്റേഡിയത്തിന് നാമകരണം ചെയ്തിരിക്കുന്നത്. ഒപ്പം അദ്ദേഹത്തിന്റെ പ്രതിമയും അനാച്ഛാദനം ചെയ്തു.

2014 മുതല്‍ 2016 വരെ ജല്ലിക്കെട്ട് തമിഴ്‌നാട്ടില്‍ താല്‍ക്കാലികമായി നിരോധിച്ചിരുന്നെങ്കിലും പ്രതിഷേധങ്ങളുടെയും പുതിയ നിയമങ്ങളുടെയും പശ്ചാത്തലത്തില്‍ വീണ്ടും അനുവദിക്കുകയായിരുന്നു. എല്ലാ വർഷവും ജനുവരി ആദ്യം നടക്കുന്ന നാല് ദിവസത്തെ വിളവെടുപ്പുത്സവമായ പൊങ്കലിനോടനുബന്ധിച്ചാണ് ജല്ലിക്കെട്ട് നടക്കുന്നത്.

കോർപ്പറേറ്റ് ഫണ്ടിങ് ഉപയോഗിച്ചുള്ള ജല്ലിക്കെട്ട് മത്സരങ്ങള്‍ ഇപ്പോള്‍ തന്നെ തമിഴ്നാട്ടില്‍ സജീവമാണ്. സ്വർണ നാണയങ്ങള്‍, കാറുകള്‍, മോട്ടോർ ബൈക്കുകള്‍ എന്നിവയുള്‍പ്പെടെയുള്ള സമ്മാനമായി നല്‍കും. കാളകളോട് ക്രൂരത കാണിക്കുന്നുവെന്ന് ആരോപിച്ച്‌ മൃഗാവകാശ സംഘടനകളുടെ പ്രതിഷേധവും തമിഴ്നാട്ടില്‍ സമാന്തരമായി നടക്കുന്നുണ്ട്.

You may also like

error: Content is protected !!
Join Our Whatsapp