ചെന്നൈ: സ്കൂൾ വിദ്യാർഥികൾ പുതിയ ‘സ്റ്റൈലിൽ മുടി വെട്ടുന്നതിനെതിരെ വെല്ലൂർ കലക്ടർ പി.കുമരവേൽ പാണ്ഡ്യൻ നടപടിയെടുത്തതോടെ എതിർപ്പുമായി സലൂൺ ഉടമകൾ രംഗത്തെതി.വെല്ലൂർ കാണിയമ്പാടിയിലുള്ള സർക്കാർ സ്കൂൾ സന്ദർശനത്തിനിടെയാണു പലതരത്തിൽ മുടി വെട്ടി എത്തിയ വിദ്യാർഥികൾ കലക്ടറുടെ ശ്രദ്ധയിൽപെട്ടത്.
ഇത്തരത്തിൽ ഒരു വിദ്യാർഥിയുടെ മുടി വെട്ടിയ ആളെ കലക്ടർ വിളിച്ചു വരുത്തുകയും പരമ്പരാഗത രീതിയിൽ മാറ്റിവെട്ടാൻ ആവശ്യപ്പെടുകയും ചെയ്തു.ഇനി പുതിയ സ്റ്റൈലിൽ മുടി വെട്ടിക്കൊടുക്കരുതെന്നും നിർദേശിച്ചു.സാധാരണ രീതിയിൽ നിന്നു വ്യത്യസ്തമായി മുടിവെട്ടുന്ന സലൂണുകൾ പൂട്ടുമെന്ന് മുന്നറിയിപ്പു നൽകുകയും ചെയ്തു.
ഇതിനു പുറമേ, മാനദണ്ഡം പാലിക്കാതെ തയ്പിച്ച യൂണിഫോമാണു വിദ്യാർഥികൾ ധരിച്ചിരുന്നതെന്നും കലക്ടർ പറഞ്ഞു.അതേസമയം, കലക്ടറുടെ നടപടിക്കെതിരെ സലൂൺ ഉടമകൾ പ്രതിഷേധവുമായി രംഗത്തെത്തി. ചെയ്യാത്ത തെറ്റിനാണു കലക്ടർ ശിക്ഷിക്കുന്നതന്നും കടകളിൽ എത്തുന്നവരുടെ ആവശ്യം നിറവേറ്റുക മാത്രമാണു ചെയ്തതെന്നും നടപടി പിൻവലിക്കണമെന്നും ഉടമകളുടെ അസോസിയേഷൻ ആവശ്യപ്പെട്ടു.