
ചെന്നൈ: തമിഴ്‌നാട് സെക്രട്ടേറിയറ്റ് വളപ്പില്‍ കൂറ്റന്‍ മരം കടപുഴകി വനിതാ കോണ്‍സ്റ്റബിള്‍ മരിച്ചു.നാല്‍പ്പത്തിയഞ്ചുകാരിയായ കവിതയാണ് മരിച്ചത്. മരം കടപുഴകി ഡ്യൂട്ടിയില്‍ ആയിരുന്ന കോണ്‍സ്റ്റബിളിനു മേല്‍ പതിക്കുകയായിരുന്നു.ഇന്നു രാവിലെ ഒന്‍പതരയോടെയാണ് അപകടം. സെക്രട്ടേറിയറ്റിന്റെ എക്‌സിറ്റ് ഗേറ്റില്‍ ഡ്യൂട്ടിയായിലായിരുന്നു, കവിത. എസ്‌സിപിയില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ ആയിരുന്നു അവര്‍. കൂടെയുണ്ടായിരുന്ന ഒരു പൊലീസുകാരന് നിസ്സാര പരിക്കേറ്റു.

മരത്തിനു കീഴെ വേറെയും പൊലീസുകാര്‍ ഉണ്ടായിരുന്നെങ്കിലും എല്ലാവരും ഓടി മാറുകയായിരുന്നു. തിരക്കുള്ള ദിവസം ആയിരുന്നെങ്കില്‍ വന്‍ ദുരന്തം ആവുമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സെക്രട്ടേറിയറ്റില്‍ വിവിധ ആവശ്യങ്ങള്‍ക്കെത്തുന്ന നിരവധി പേര്‍ വന്നുനില്‍ക്കുന്ന സ്ഥലമാണ് ഈ മരച്ചുവട്. ഇന്നു രാവിലെ മഴയായതിനാല്‍ അധികം പേര്‍ ഉണ്ടായിരുന്നില്ല.കോണ്‍സ്റ്റബിളിന്റെ മരണത്തില്‍ അനുശോചനം അറിയിച്ച മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ കുടുംബത്തിന് പത്തു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.