ഇന്ത്യൻ സിനിമാ ലോകത്ത് തെന്നിന്ത്യൻ സിനിമകൾ ഏറെ ചർച്ചയായികൊണ്ടിരിക്കുകയാണ്. പാൻ ഇന്ത്യൻ ലെവലിൽ റിലീസ് ചെയ്യുന്ന ദക്ഷിണേന്ത്യൻ ചിത്രങ്ങൾ ബോക്‌സ് ഓഫിസ് കളക്ഷനിലും നേട്ടം കൊയ്യുകയാണ്.
പുഷ്പ, ആര്‍.ആര്‍.ആര്‍, കെജിഎഫ് ചാപ്റ്റര്‍ 2 തുടങ്ങി ഈയിടെ പുറത്തിറങ്ങിയ തെന്നിന്ത്യൻ സിനിമകൾ ഇന്ത്യയിലെ സിനിമാ ആസ്വാദകർ ഏറ്റെടുത്തു.
തെന്നിന്ത്യൻ ബോളീവുഡ് സിനിമകളെ താരതമ്യം ചെയ്ത് പല വാദ പ്രതിവാദങ്ങളും ഇന്ത്യൻ സിനിമാ ലോകത്ത് നടക്കുന്നുണ്ട്. തെന്നിന്ത്യൻ സിനിമകളെ പ്രകീർത്തിച്ചും ബോളീവുഡിനെതിരെ രൂക്ഷമായ വിമർശനങ്ങൾ നടത്തിയും പ്രമുഖ സിനിമാ പ്രവർത്തകർ രംഗത്ത് വന്നിരുന്നു. പ്രമുഖ താരങ്ങളുടെ അഭിപ്രായങ്ങൾ ഏറെ ചർച്ചയാകുകയും ചെയ്തു.
അതിനിടെ രവീർ സിംഗിന്റെ ഒരു ട്വീറ്റാണ് ഇപ്പോൾ വിവാദമാകുന്നത്. ലോകേഷ് കണകരാജിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന കമൽ ഹാസൻ ചിത്രം വിക്രമിനെ പിന്തുണക്കുന്ന ട്വീറ്റാണ് ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിയൊരുക്കുന്നത്.
‘വിക്ര’മിന്റെ ട്രെയ്‌ലറാണ് രണ്‍വീര്‍ തന്റെ ട്വീറ്റിലൂടെ പങ്കുവച്ചത്. ‘എന്റെ കഴിവുള്ള സുഹൃത്ത് ലോകേഷ്, ഇന്ത്യന്‍ സിനിമയുടെ ഇതിഹാസം കമല്‍ഹാസന്‍ എന്നിവര്‍ക്ക് ആശംസകള്‍. ഈ ട്രെയ്‌ലര്‍ ‘തീ’ ആണ്’ എന്നാണ് ട്രെയ്‌ലര്‍ പങ്കുവച്ച് രണ്‍വീര്‍ ട്വിറ്ററിൽ കുറിച്ചത്.
രണ്‍വീറിന്റെ ട്വീറ്റ് വൈറലായതോടെ ബോളീവുഡ് പ്രേക്ഷകർ രൺവീറിനെതിരെ രംഗത്ത് എത്തുകയായിരിന്നു. സ്വന്തം ഇൻഡസ്ട്രിയെ പിന്തുണയ്ക്കാതെ മറ്റ് ഇൻഡസ്ട്രികളെ പിന്തുണയ്ക്കുന്നത് ഇരട്ടത്താപ്പ് ആണെന്നും ബോളീവുഡ് മുങ്ങിത്താഴുമ്പോൾ ഇൻഡസ്ട്രിക്ക് വെല്ലുവിളിയായ ദക്ഷിണേന്ത്യൻ സിനിമകളെ പിന്തുണയ്ക്കുന്നത് പുതിയ സുഹൃത്തുക്കളെ കണ്ടെത്താൻ ആണെന്നുമാണ് വിമർശകരുടെ വാദം.
പ്രശസ്ത നടൻ നവാസുദ്ധീൻ സിദ്ധിഖി തെന്നിന്ത്യൻ സിനിമയെ കുറിച്ച് നടത്തിയ പരാമർശം ഈയടുത്ത് ഏറെ ചർച്ചയായ്യിരുന്നു. തെന്നിന്ത്യന്‍ സിനിമകളൊന്നും താന്‍ കാണാറില്ലെന്നാണ് നവാസുദ്ധീൻ സിദ്ധിഖി പറയുന്നത്. ഇന്ത്യാ ടുഡേക്ക് നല്‍കിയ അഭിമുഖത്തിലാണ് സിദ്ദിഖിയുടെ തുറന്നു പറച്ചില്‍.
”സത്യം പറയാമല്ലോ ഞാന്‍ ദക്ഷിണേന്ത്യന്‍ സിനിമകളൊന്നും കാണാറില്ല. തെന്നിന്ത്യന്‍ സിനിമകളെന്നല്ല, കൊമേഴ്ഷ്യൽ ആയി നിർമിക്കുന്ന സിനിമകളൊന്നും കാണാറില്ല. നല്ല തിരക്കാണ് അതുകൊണ്ടാണ്. ഇത്തരം സിനിമകൾ കാണാൻ എനിക്ക് സമയം ഉണ്ടാകാറില്ല എന്നതാണ് സത്യം. അതുകൊണ്ട് ഈ സിനിമകളുടെ വിജയത്തെക്കുറിച്ച് അഭിപ്രായം പറയാന്‍ കഴിയില്ല” സിദ്ധീഖി പറഞ്ഞു.