Home Featured താഴ്ന്ന ജാതി ഏത്? സേലം പെരിയാര്‍ സര്‍വകലാശാലയിലെ എം.എ. ഹിസ്റ്ററി രണ്ടാം സെമസ്റ്ററിലെ ചോദ്യം വിവാദത്തില്‍

താഴ്ന്ന ജാതി ഏത്? സേലം പെരിയാര്‍ സര്‍വകലാശാലയിലെ എം.എ. ഹിസ്റ്ററി രണ്ടാം സെമസ്റ്ററിലെ ചോദ്യം വിവാദത്തില്‍

by jameema shabeer

ചെന്നൈ: തമിഴ്‌നാട്ടിലെ താഴ്ന്നജാതി ഏതെന്ന സേലം പെരിയാര്‍ സര്‍വകലാശാലയിലെ എം.എ. ഹിസ്റ്ററി രണ്ടാം സെമസ്റ്ററിലെ ചോദ്യം വിവാദമായി. പെരിയാര്‍ സര്‍വകാലശാലയിലെ വിവാദ ചോദ്യത്തെക്കുറിച്ച്‌ അന്വേഷിക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. ആര്‍. രാമസ്വാമി ജഗനാഥന്‍ അറിയിച്ചു.

‘മറ്റ് സര്‍വകലാശാലയുടെ കീഴിലുള്ള കോളേജിലെ അധ്യാപകരാണ് ചോദ്യം തയ്യാറാക്കുന്നത്. വിദ്യാര്‍ഥികളുടെ കൈയിലെത്തുന്നതുവരെ ചോദ്യ പേപ്പറിനെക്കുറിച്ച്‌ സര്‍വകലാശാലയിലെ അധ്യാപകര്‍ക്ക് അറിവുണ്ടാകില്ല.’ അദ്ദേഹം പറഞ്ഞു. വിവാദ ചോദ്യം അടങ്ങിയ വിഷയത്തില്‍ പകരം പരീക്ഷ നടത്തുന്ന കാര്യം പരിഗണനയിലാണെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു.

ഇത്തരമൊരു ചോദ്യം പരീക്ഷയില്‍ ഉള്‍പ്പെടുത്തിയത് ഖേദകരമാണ്. വൈസ് ചാന്‍സിലര്‍ പറഞ്ഞു. അതേസമയം സര്‍വകാലശാലയിലെ ചോദ്യത്തെ ചൊല്ലി വിവാദങ്ങള്‍ ഉയര്‍ന്നു. ചോദ്യം ഉള്‍പ്പെടുത്തിയ അധ്യാപകര്‍ക്കെതിരേ അന്വേഷണം നടത്തി നടപടി എടുക്കണമെന്ന് പി.എം.കെ. സ്ഥാപക പ്രസിഡന്റ് എസ്. രാമദാസ് ആവശ്യപ്പെട്ടു.

‘പിന്നാക്ക വിഭാഗത്തെ മൊത്തത്തില്‍ അപമാനിക്കുന്നതിന് തുല്യമാണ് ഈ ചോദ്യം. സമൂഹത്തില്‍ താഴ്ന്ന ജാതിക്കാരെ അപമാനിക്കുന്ന ചോദ്യമാണ്. പെരിയാര്‍ സര്‍വകലാശാല തന്നെ ചോദ്യങ്ങള്‍ തയ്യാറാക്കണം. സമൂഹത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്ന ചോദ്യങ്ങള്‍ ഒഴിവാക്കാന്‍ ഇതിലൂടെ സാധിക്കും. ജാതിക്കെതിരേ പോരാടിയ പെരിയാറിന്റെ പേരിലുള്ള സര്‍വകലാശാലയിലെ പരീക്ഷയില്‍ തന്നെ ഇത്തരം ചോദ്യം പരീക്ഷയില്‍ ചോദിക്കുന്നവെന്നത് വിരോധാഭാസമാണ്.’ രാമദാസ് പറഞ്ഞു. ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയവര്‍, ചോദ്യപ്പേപ്പര്‍ സൂക്ഷ്മപരിശോധന നടത്തിയവര്‍, സര്‍വകലാശാലാ അധികൃതര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ നടപടിയെടുക്കണം അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച്‌ വിശദമായ അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് ഉന്നതവിദ്യാഭ്യാസവകുപ്പ് അധികൃതര്‍ അറിയിച്ചു.

You may also like

error: Content is protected !!
Join Our Whatsapp