ചെന്നൈ: ചെന്നൈ നഗരത്തില്‍ വീണ്ടും മുതലയിറങ്ങി. ആളപ്പാക്കത്താണ് നാട്ടുകാരൻ ആറടി നീളം വരുന്ന മുതലയെ റോഡരികില്‍ കണ്ടത്. തുടര്‍ന്ന് വനം വകുപ്പിനെ പ്രദേശവാസികള്‍ വിവരം അറിയിച്ചു. ജീവനക്കാരെത്തി മുതലയെ വലയ്ക്കുള്ളിലാക്കി. ഇതിന് മുൻപ് ചെന്നൈയില്‍ കനത്ത മഴ പെയ്ത ഡിസംബര്‍ നാലിനു പുലര്‍ച്ചെയും മുതലയെ റോഡില്‍ കണ്ടിരുന്നു.
ബുധനാഴ്ച ആളപ്പാക്കത്ത് എയര്‍പോര്‍ട്ടിന്റെ ചുറ്റുമതിലിനോട് ചേര്‍ന്നായിരുന്നു മുതലയെ കണ്ടത്. നേരത്തെ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും ഇടയില്‍ മുതലയെ കണ്ട ചിലര്‍ ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. പെരുങ്കുളത്തൂരിലാണ് അന്ന് നാട്ടുകാര്‍ മുതലയെ കണ്ടെത്. ഇവിടെ നിന്ന് പത്ത് കിലോമീറ്റര്‍ അകലെയാണ് കഴിഞ്ഞ ദിവസം മുതലയെ കണ്ട ആളപ്പാക്കം.
വനം വകുപ്പ് ഉദ്യോഗസ്ഥരും ഫയര്‍ ആന്റ് റെസ്ക്യൂ ജീവനക്കാരും ഉടൻ സ്ഥലത്തെത്തി മുതലയെ വലയിലാക്കി. ഏറെ നേരം പണിപ്പെട്ടാണ് മുതലയെ കീഴ്‍പ്പെടുത്തി കൊണ്ടുപോകാന്‍ കഴിഞ്ഞത്.