തിരുവനന്തപുരം: കേരളത്തിന്റെ പൈതൃകവും പാരമ്പര്യവും തേടി ആശ്രയം മലയാളി കൂട്ടായ്മ സംഘടിപ്പിക്കുന്ന നാട്ടിലേക്കൊരു വണ്ടി രണ്ടാം ഘട്ടത്തിന്റെ ആദ്യ ദിനം വിജയകരമായി പൂർത്തിയായി. ആദ്യ ലക്ഷ്യസ്ഥാനമായ നിയമസഭയിൽ സെക്രട്ടറി എ എം ബഷീർ സംഘത്തെ സ്വീകരിച്ചു.നിയമസഭ ഗാലറിയും മ്യൂസിയവും സന്ദർശിച്ചതിന് ശേഷം കവടിയാർ കൊട്ടാരത്തിൽ പൂയം തിരുനാൾ ഗൗരി പാർവതി ഭായ്, സൂര്യ കൃഷ്ണമൂർത്തി എന്നിവർ ചേർന്ന് സ്വീകരിച്ചു. ശേഷം പദ്മനാഭസ്വാമി ക്ഷേത്രവും സന്ദർശിച്ച് ആദ്യ ദിനം പൂർത്തിയാക്കി.
രണ്ടാം ദിനം വർക്കലയിലേക്ക് സഞ്ചരിക്കുന്ന സംഘം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകൾ സന്ദർശിച്ച് ജൂൺ നാലോടെ യാത്ര അവസാനിപ്പിക്കും. കുട്ടികളും രക്ഷിതാക്കളും സംഘാടകരും ഉൾപ്പെടെ 65 പേരാണ് സംഘത്തിൽ ഉള്ളത്. കേരളത്തിന്റെ സംസ്കാരവും പൈതൃകവും തേടി, ചെന്നൈ ആശ്രയം മലയാളി കൂട്ടായ്മ സംഘടിപ്പിക്കുന്ന സാംസ്കാരിക തീർത്ഥ യാത്രയാണ് നാട്ടിലേക്കൊരു വണ്ടി.