ചെന്നൈ: തമിഴ്‌നാട്ടില്‍ കനത്ത നാശം വിതച്ച് മാന്‍ഡസ് ചുഴലിക്കാറ്റ്. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട തീവ്ര ന്യൂനമര്‍ദ്ദമാണ് മാന്‍ഡസ് ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചത്.മാമല്ലപുരത്ത് തീരം കടന്ന ചുഴലിക്കാറ്റ് നഗരത്തിലും സമീപപ്രദേശങ്ങളിലും നാശനഷ്ടങ്ങളുണ്ടാക്കി. കഴിഞ്ഞ ദിവസം രാത്രിയാണ് മാന്‍ഡസ് തീരംതൊട്ടത്.
മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് ആഞ്ഞടിച്ചപ്പോള്‍ നഗരത്തിലെ 400 മരങ്ങള്‍ കടപുഴകി വീണതായി തമിഴ്നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിന്‍ പറഞ്ഞു. ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കെടുതികളില്‍ സംസ്ഥാനത്ത് നാല് പേര്‍ മരിച്ചതായും സ്റ്റാലിന്‍ അറിയിച്ചു.
കാസിമേട് പ്രദേശത്തെ സ്ഥിതിഗതികള്‍ അവലോകനം ചെയ്ത മുഖ്യമന്ത്രി സ്ഥിതിഗതികള്‍ മുന്‍കൂട്ടി കണ്ടെന്നും എല്ലാ പ്രതിരോധ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അറിയിച്ചു. 25,000 വളന്റിയര്‍മാരാണ് ദുരിതബാധിത പ്രദേശങ്ങളില്‍ സജ്ജമായിരിക്കുന്നത്.
നഗരത്തിലെ 22 സബ്‌വേകളില്‍ വെള്ളക്കെട്ട് ഒഴിവാക്കിയതിനാല്‍ വാഹനഗതാഗതം സുഗമമായി തന്നെ നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.സമീപ ജില്ലകളായ ചെങ്കല്‍പേട്ട്, കാഞ്ചീപുരം, വില്ലുപുരം എന്നിവിടങ്ങളിലും രക്ഷാപ്രവര്‍ത്തനം ദ്രുതഗതിയില്‍ നടക്കുന്നുണ്ട്. ചുഴലിക്കാറ്റില്‍ വൈദ്യുത തൂണുകള്‍ക്കും ട്രാന്‍സ്ഫോര്‍മറുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതോടെ 600 സ്ഥലങ്ങളില്‍ വൈദ്യുതി മുടങ്ങിയിരുന്നു.
സംസ്ഥാനത്തുണ്ടായ നാശനഷ്ടങ്ങളുടെ കൃത്യമായ കണക്ക് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. ആവശ്യമെങ്കില്‍ കേന്ദ്രസഹായം തേടുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ദുരിതാശ്വാസ കേന്ദ്രങ്ങള്‍ സജ്ജമാക്കിക്കഴിഞ്ഞു.
205 ദുരിതാശ്വാസ കേന്ദ്രങ്ങളിലായി 9,000ത്തിലധികം പേര്‍ കഴിയുന്നുണ്ടെന്ന് സംസ്ഥാന റവന്യൂ, ദുരന്തനിവാരണ മന്ത്രി അറിയിച്ചിരുന്നു. ചുഴലിക്കാറ്റ് മുന്നറിയിപ്പ് വന്നപ്പോള്‍ തന്നെ കടലോര മേഖലകളില്‍ കുടിലുകളില്‍ താമസിക്കുന്നവരെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറ്റി താമസിപ്പിച്ചിരുന്നു.