Home Featured മിഷോങ് ചുഴലിക്കാറ്റ് : സ്‌കൂളുകള്‍ വൃത്തിയാക്കാൻ ഒരു കോടിയിലധികം രൂപ അനുവദിച്ചു തമിഴ്‌നാട് സര്‍ക്കാര്‍

മിഷോങ് ചുഴലിക്കാറ്റ് : സ്‌കൂളുകള്‍ വൃത്തിയാക്കാൻ ഒരു കോടിയിലധികം രൂപ അനുവദിച്ചു തമിഴ്‌നാട് സര്‍ക്കാര്‍

by jameema shabeer

ചെന്നൈ:മിഷോങ് ചുഴലിക്കാറ്റ് നാശം വിതച്ച ചെന്നൈ, ചെങ്കല്‍പട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍ ജില്ലകളിലെ സ്‌കൂളുകളുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടി 90 ലക്ഷം രൂപ അനുവദിച്ച്‌ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ.വെള്ളപ്പൊക്കം കുറഞ്ഞതോടെ ചെന്നൈയിലും സമീപ ജില്ലകളിലും സംസ്ഥാന സര്‍ക്കാര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ഇതിന്റെ ഭാഗമായി ചെന്നൈയില്‍ 800 മെഡിക്കല്‍ ക്യാമ്ബുകള്‍ നിലവിലുണ്ട്.

വടക്കുകിഴക്കൻ മണ്‍സൂണ്‍ ആരംഭിച്ചതിന് ശേഷം 16,500-ലധികം മെഡിക്കല്‍ ക്യാമ്ബുകളാണ് സംഘടിപ്പിച്ചത്. ഇത് 780,000-ത്തിലധികം ആളുകള്‍ക്ക് ഉപകാരപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഏഴ് സ്വകാര്യ ആശുപത്രികളുമായി സഹകരിച്ച്‌ സൈദാപേട്ടയിലെ അടയാറിന്റെ തീരത്ത് മെഡിക്കല്‍ ക്യാമ്ബുകള്‍ നടത്തുന്നുണ്ട്. ആവശ്യമെങ്കില്‍ ചെന്നൈയിലെ മറ്റ് സ്ഥലങ്ങളിലേക്കും ഇത് വ്യാപിപ്പിക്കുമെന്നും ആരോഗ്യമന്ത്രി മാ.സുബ്രഹ്മണ്യൻ പറഞ്ഞു.

മിഗ്ജോം ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ പരിഹരിക്കാൻ ചെന്നൈ കോര്‍പ്പറേഷൻ തൊഴിലാളികളും മറ്റുള്ളവരും ദ്രുതഗതിയിലുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. 72 മണിക്കൂറിനുള്ളില്‍ നഗരത്തിലെ എല്ലാ മാലിന്യങ്ങളും നീക്കം ചെയ്യുമെന്ന് ഗ്രേറ്റര്‍ ചെന്നൈ കോര്‍പ്പറേഷൻ കമ്മീഷണര്‍ ജെ.രാധാകൃഷ്ണൻ ഉറപ്പ് നല്‍കി. ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങളിലെ സ്‌കൂളുകള്‍ വൃത്തിയാക്കാൻ തമിഴ്‌നാട് സര്‍ക്കാര്‍ ഒരു കോടിയിലധികം രൂപയാണ് അനുവദിച്ചിട്ടുള്ളത്.

ഡിസംബര്‍ 6 മുതല്‍ കോര്‍പ്പറേഷൻ 28,563 മെട്രിക് ടണ്‍ മാലിന്യം നീക്കം ചെയ്‌തിട്ടുണ്ടെന്ന് ജെ.രാധാകൃഷ്ണൻ വ്യക്തമാക്കി. പെരുങ്കുടി, കൊടങ്ങയൂര്‍ ഡംപ് യാര്‍ഡുകളിലേക്ക് ഈ മാലിന്യങ്ങള്‍ മാറ്റും. 25,113 മെട്രിക് ടണ്‍ സാധാരണ മാലിന്യങ്ങളും 3,449 മെട്രിക് ടണ്‍ പൂന്തോട്ട മാലിന്യങ്ങളും നീക്കം ചെയ്‌തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുരോഗതി പ്രകടമാണെങ്കിലും വടക്കൻ ചെന്നൈയിലെയും തെക്കൻ ചെന്നൈയിലെയും ചില പ്രദേശങ്ങള്‍ വെള്ളപ്പൊക്കവും ഡ്രെയിനേജ് പ്രശ്‌നങ്ങളും നേരിടുന്നത് തുടരുകയാണ്. ഉടൻ പരിഹാരം ഉണ്ടാവുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ അറിയിച്ചു.

You may also like

error: Content is protected !!
Join Our Whatsapp