ചെന്നൈ: ചെന്നൈയില്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ പ്രതി മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷം. ഡി.എം.കെ (ദ്രാവിഡ മുന്നേറ്റ കഴകം) സര്‍ക്കാരിന്റെ കാലത്ത് നടന്ന കസ്റ്റഡി മരണങ്ങളില്‍ നിയമാനുസൃതമായ നടപടികള്‍ സ്വീകരിക്കാന്‍ ഹൈക്കോടതി ജഡ്ജിമാര്‍ മുന്നോട്ട് വരണമെന്ന് പ്രതിപക്ഷനേതാവ് എടപ്പാടി കെ. പളനിസ്വാമി ആവശ്യപ്പെട്ടു. രാജശേഖരന് എന്നയാളാണ് കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയില്‍ മരിച്ചത്. രണ്ടുമാസത്തിനിടെയുണ്ടായ രണ്ടാമത്തെ കസ്റ്റഡി മരണമാണിത്. ശനിയാഴ്ചയാണ് നിരവധി കേസുകളില്‍ പ്രതിയായ രാജശേഖരനെ അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് അറസ്റ്റുചെയ്തത്.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രാജശേഖരനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ആശുപത്രി അധികൃതര്‍ രാജശേഖരനെ സ്റ്റാന്‍ലി ഗവണ്മെന്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആവശ്യപ്പെടുകയായിരുന്നെന്നും അവിടെ വെച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നെന്നും കൊടുങ്ങയൂര് പൊലീസ് അറിയിച്ചു. ചോദ്യം ചെയ്യുന്നതിനിടയിലാണ് രാജശേഖരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഏപ്രിലില്‍ വി. വിഘ്നേഷ് എന്ന 25 വയസുള്ള യുവാവും പൊലീസ് കസ്റ്റഡിയില്‍ മരിച്ചിരുന്നു. മയക്കുമരുന്ന് കൈവശം വച്ചുഎന്ന് ആരോപിച്ച് അറസ്റ്റുചെയ്ത വിഘ്നേഷ് അടുത്തദിവസം മരിക്കുകയായിരുന്നു.
എന്നാല്‍ മരണത്തില്‍ മൗനം പാലിക്കാന്‍ പോലീസ് കുടുംബത്തിന് ഒരു ലക്ഷം രൂപ കൈക്കൂലി നല്കാന് ശ്രമിച്ചു, പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം കാണാന്‍ പോലും അനുവദിച്ചില്ല തുടങ്ങി പൊലീസിനെതിരെ ഗുരുതര ആരോപണവുമായി വിഘ്നേഷിന്റെ സഹോദരന് രംഗത്തെത്തിയിരുന്നു.