ന്യൂഡല്‍ഹി: ജൂണ്‍ ഒന്നുമുതല്‍ പൂര്‍ണമായും സൗരോര്‍ജത്തിലേക്കും ജലവൈദ്യുതോര്‍ജത്തിലേക്കും മാറാന്‍ ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളം (ഐ.ജി.ഐ).ആറ് ശതമാനം വൈദ്യുതി സോളാര്‍ പ്ലാന്‍റുകളില്‍ നിന്നും 94 ശതമാനം ജലവൈദ്യുത പ്ലാന്‍റില്‍ നിന്നും ഉപയോഗിച്ചായിരിക്കും പ്രവര്‍ത്തനം. ഈ രണ്ട് ഹരിതോര്‍ജ്ജങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വിമാനത്താവളമാകും ഡല്‍ഹിയിലേത്.
2030ഓടെ കാര്‍ബണ്‍ പുറന്തള്ളുന്നതില്‍ നെറ്റ് സീറോ ദൗത്യം പൂര്‍ത്തീകരിക്കുന്നതിന്‍റെ ഭാഗമായാണ് മാറ്റങ്ങള്‍ എന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഈ ദൗത്യത്തെ കുറിച്ച് ഐ.ജി.ഐ വ്യക്തമാക്കിയത്. ജലവൈദ്യുതോര്‍ജത്തിനായി ഹിമാചല്‍ പ്രദേശിലെ ഒരു ജലവൈദ്യുതോത്പാദക കമ്ബനിയുമായി കരാറിലേര്‍പ്പെട്ടിരിക്കുകയാണ് അധികൃതര്‍. 2036 വരെയുള്ള കരാറാണിത്.
മാറ്റത്തിലൂടെ പ്രതിവര്‍ഷം രണ്ട് ലക്ഷം ടണ്‍ കാര്‍ബണ്‍ ഡയോക്സൈഡ് കുറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മലിനീകരണം കുറക്കുന്നതിന്‍റെ ഭാഗമായി ഇലക്‌ട്രിക് വാഹനങ്ങളുമായി ഹരിത ഗതാഗത പരിപാടിയും ഐ.ജി.ഐ മുമ്ബ് കൊണ്ടുവന്നിട്ടുണ്ട്.
2020ല്‍ എയര്‍പ്പോര്‍ട്ട് ഇന്‍റര്‍നാഷണല്‍ കൗണ്‍സില്‍ ഐ.ജി.ഐയെ 4+ ലെവലിലേക്ക് ഉയര്‍ത്തിയിരുന്നു. ഏഷ്യ പസഫിക് മേഖലയില്‍ ഈ പദവി നേടുന്ന ആദ്യ വിമാനത്താവളം ആണിത്.2015ല്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം സൗരോര്‍ജത്തില്‍ മാത്രം പ്രവര്‍ത്തിച്ച് തുടങ്ങിയിരുന്നു.