ചെന്നൈ: ചെന്നൈ എഗ്ലൂർ പൊതിഗൈ എക്സ്പസിന്റെ ഇലക്ട്രിക് എൻജിൻ മധുര റെയിൽവേ സ്റ്റേഷനു സമീപം പാളം തെറ്റി. ആർക്കും പരുക്കില്ല. ഇന്നലെ പുലർച്ചെ 4.15നായിരുന്നു സംഭവം.മധുരവരെ ഇലക്ട്രിക് എൻജിൻ ഉപയോഗിച്ച് സർവീസ് നടത്തുന്ന ട്രെയിൻ തുടർന്നു ഡീസൽ എൻജിൻ ഉപയോഗിച്ചാണു യാത്ര പൂർത്തിയാക്കുന്നത്. ഡീസൽ എൻജിൻ ഘടിപ്പിച്ച് ട്രെയിൻ യാത്ര തുടർന്നതിനു പിന്നാലെ ട്രെയിനിൽ നീക്കം ചെയ്ത ഇലക്ട്രിക് എൻജിൻ ലോക്കോ പാഴ്സൽ ഓഫിസിനു സമീപം പിന്നോട്ട് പോകുമ്പോൾ മൂന്ന് ചക്രങ്ങൾ പാളം തെറ്റുകയായിരുന്നു.
ഇതോടെ ലൈനിലെ വൈദ്യുതി വിഛേദിച്ചു. എൻജിൻ പാളം തെറ്റിയതിനാൽ ഡിണ്ടിഗലിലേക്കുള്ള ട്രെയിനുകൾ വൈകിയാണ് പുറപ്പെട്ടത്. മധു – സെക്കന്തരാബാദ് സ്പെഷൽ ട്രെയിൻ ഒരു മണിക്കൂറും വൈഗ എക്സ്പ്രസ് 10 മിനിറ്റും പഴനി സ്പെഷൽ ട്രെയിൻ 9 മിനിറ്റും തേനി സ്പെഷൽ ട്രെയിൻ 32 മിനിറ്റും വൈകിയതായി മധുര ഡിവിഷൻ അറിയിച്ചു. ചെന്നൈ മേഖലയിൽ നിന്ന് തിരുവനന്തപുരം, കൊല്ലം മേഖലകളിലേക്കുള്ള യാത്രക്കാർക്ക് സഹായകമാകുന്ന സർവീസാണിത്.