ചെന്നൈ: തമിഴ് സിനിമാ പ്രേമികള്‍ക്ക് തല എന്ന് പറഞ്ഞാല്‍ അത് അജിത് ആണ്. എന്നാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ആരാധകരെ സംബന്ധിച്ചിടത്തോളം അവരുടെ തല എന്നു പറയുന്നത് എം എസ് ധോണിയാണ്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ നായകനായ ധോണി കോളിവുഡിലേക്കും ചുവടുവെക്കുകയാണ്. അതും നടനും നിര്‍മാതാവുമായി ഇരട്ട റോളില്‍.
ധോണി നിര്‍മാതാവുന്ന ആദ്യ ചിത്രത്തില്‍ നായകനാകുന്നതാകട്ടെ കോളിവുഡിലെ ഇളയ ദളപതി വിജയ് ആണ്. താന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ നായകനാവണമെന്ന് ധോണി തന്നെയാണ് വിജയ്‌യോട് ആവശ്യപ്പെട്ടതെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.വിജയ്‌യുടെ 68-ാമത്തെ ചിത്രമായിരിക്കും ധോണി നിര്‍മിക്കുക എന്നാണ് റിപ്പോര്‍ട്ട്.
ഐപിഎല്ലിനുശേഷം ധോണി പ്രൊഡക്ഷന്‍സിന്‍റെ പ്രാരംഭ പ്രവര്‍ത്തനങ്ങളിലാണ് താരം ഇപ്പോള്‍ എന്നാണ് റിപ്പോര്‍ട്ട്. വിജയ് ചിത്രം നിര്‍മിക്കുന്നതിനൊപ്പം ചിത്രത്തില്‍ അതിഥി വേഷത്തില്‍ ധോണി അഭിനയിക്കുന്നുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. നാളെ തന്‍റെ ജന്‍മദിനത്തില്‍ ധോണി ചിത്രത്തില്‍ നായകനാകുന്നകാര്യം വിജയ് തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
അതിനിടെ വിജയ്‌യുടെ 66-ാമത് ചിത്രത്തിന്‍റെ പോസ്റ്റര്‍ ഇന്ന് റിലീസ് ചെയ്തു. വരിസു എന്ന് പേരിട്ടിരിക്കുന്ന ചിത്രം വെങ്കടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറില്‍ രാജുവും ഷിരിഷും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. വിജയ്‌യുടെ കഴിഞ്ഞ ചിത്രം ബീസ്റ്റ് കളക്ഷനില്‍ മുന്നിലെത്തിയെങ്കിലും പ്രേക്ഷകര്‍ക്കിടയില്‍ സമ്മിശ്രപ്രതികരണമാണ് നേടിയത്.
അടുത്ത ഐപിഎല്ലിലും കളിക്കുമെന്ന് വ്യക്തമാക്കിയിട്ടുള്ള 41കാരനായ ധോണി ചെന്നൈയിലെ കാണികള്‍ക്ക് മുമ്പില്‍ കളിച്ചിട്ടെ വിരമിക്കൂവെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.