ചെന്നൈ: വിജയ് നായകനാകുന്ന വാരിസും അജിത്തിന്റെ തുണിവും ഒരേ ദിവസമാണ് റിലീസിന് തയ്യാറെടുക്കുന്നത്. എക്കാലത്തെയും വലിയ ബോക്‌സ് ഓഫീസ് ഏറ്റുമുട്ടലിനാണ് സംക്രാന്തിക്ക് തമിഴ് സിനിമ രംഗം സാക്ഷ്യം വഹിക്കുക. റിലീസിന് മുന്നോടിയായി, തമിഴ്‌നാട്ടിൽ അജിത്തേക്കാൾ വലിയ താരമാണ് വിജയ് എന്ന നിർമ്മാതാവ് ദിൽ രാജുവിന്റെ അഭിപ്രായം അതേ സമയം വിവാദമായിരിക്കുകയാണ്.
വാരിസിന്‍റെ നിർമ്മാതാവാണ് ദിൽ രാജു. ഒരു അഭിമുഖത്തിൽ അജിത്തിന്‍റെ തുണിവുമായുള്ള ബോക്സ്ഓഫീസ് ഏറ്റുമുട്ടലിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തമിഴ്‌നാട്ടിൽ അജിത്തേക്കാൾ വലിയ താരമാണ് വിജയ് എന്നാണ് ദില്‍ രാജു പറഞ്ഞത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ വാരിസിന് തുണിവേക്കാൾ കൂടുതൽ സ്‌ക്രീനുകൾ ലഭിക്കുമെന്നാണ് ദില്‍ രാജു പറയുന്നു.
തെലുങ്ക് ചാനലായ എൻടിവിക്ക് നൽകിയ അഭിമുഖത്തിൽ ദിൽ രാജു പറഞ്ഞത് ഇങ്ങനെയാണ്, “തമിഴ്‌നാട്ടിൽ ഞാന്‍ നിര്‍മ്മിക്കുന്ന സിനിമയ്‌ക്കൊപ്പം അജിത്ത് സാറിന്റെ സിനിമയും റിലീസ് ചെയ്യുന്നു. തമിഴകത്തെ ഒന്നാം നമ്പർ താരമാണ് വിജയ് സാർ എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. സംസ്ഥാനത്ത് ആകെ 800 സ്‌ക്രീനുകളാണ് ഉള്ളത്. ഇപ്പോൾ രണ്ട് ചിത്രങ്ങൾക്കും തുല്യ സ്‌ക്രീനുകളാണ് ലഭിക്കുന്നത്. വിജയ് സാർ അജിത്തിനെക്കാൾ വലിയ താരമായതിനാൽ ശരിക്കും എന്റെ സിനിമയ്‌ക്കായി കുറഞ്ഞത് 50 സ്‌ക്രീനുകളെങ്കിലും കൂടുതല്‍ നല്‍കണമെന്നാണ് എന്‍റെ അപേക്ഷ“.
അനാവശ്യമായി ആരാധക തര്‍ക്കങ്ങള്‍ ഉണ്ടാക്കുന്ന അനാവശ്യ പരാമർശമാണ് ഇതെന്നാണ് ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന വാദം. “വിജയും അജിത്തും തമ്മിൽ ആരാധകർ വഴക്കുണ്ടാക്കുന്നത് മറ്റൊരു സംസ്ഥാനത്ത് നിന്നുള്ള ഒരാൾ. ഇത്തരം സംസാരം ദയവായി അവഗണിക്കുക” ഈ വീഡിയോയില്‍ വന്ന മറ്റൊരു കമന്റ് ഇങ്ങനെയായിരുന്നു. “എന്തുകൊണ്ടാണ് അദ്ദേഹം താരങ്ങളെ താരതമ്യം ചെയ്യുന്നത്? വിജയ് വലിയ താരമാണെങ്കിൽ, അദ്ദേഹത്തിന്റെ സിനിമയ്ക്ക് സ്വയമേവ അധിക സ്‌ക്രീനുകൾ നൽകേണ്ടതല്ലേ” – ഒരു കമന്‍റ് ചോദിക്കുന്നു.
2023 ജനുവരി 12 നാണ് വാരിസും തുനിവും ലോകമെമ്പാടും റിലീസ് ചെയ്യുന്നത്. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത് രശ്മിക മന്ദന നായികയാകുന്ന വാരിസ് തമിഴിലും തെലുങ്കിലുമായി ഒരേസമയം ചിത്രീകരിച്ചതിനാൽ തെലുങ്ക് ഇൻഡസ്‌ട്രിയിലെ വിജയ്ക്ക് മുന്നേറ്റം ഉണ്ടാക്കും. സംവിധായകൻ ലോകേഷ് കനകരാജുമൊത്തുള്ള വിജയുടെ അടുത്ത പ്രോജക്റ്റ് ഈ മാസം അവസാനത്തോടെ ആരംഭിക്കും എന്നാണ് വിവരം.
വൻ പ്രതീക്ഷകൾക്ക് നടുവിൽ റിലീസിന് ഒരുങ്ങുകയാണ് തുനിവ്. അജിത്ത് സംവിധായകൻ എച്ച്. വിനോദ്, നിർമ്മാതാവ് ബോണി കപൂർ എന്നിവരുടെ തുടർച്ചയായ മൂന്നാമത്തെ ചിത്രമാണിത്. ചിത്രത്തിൽ മഞ്ജു വാര്യരും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.