തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/KI3LcXUugQtLQKUwQddv8w
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
തമിഴ്നാട് ഗവര്‍ണറുമായുള്ള ഭിന്നത പരസ്യമാക്കി ഡി.എം.കെ. “ഇത് നാഗാലാന്‍ഡല്ല, തമിഴ്നാടാണ്. ഇവിടെ വല്യേട്ടന് മനോഭാവത്തോടെ രാഷ്ട്രീയം കളിക്കാനാവില്ല” എന്നാണ് തമിഴ്നാട് ഗവര്‍ണര്‍ ആര്.എന്‍ രവിക്ക് ഡി.എം.കെ മുഖപത്രമായ മുരശൊലിയിലൂടെ മുന്നറിയിപ്പ് നല്‍കിയത്.
ഗവര്‍ണര്‍ അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയെ (നീറ്റ്) കുറിച്ച് ഗവര്‍ണര്‍ റിപബ്ലിക് ദിനത്തില്‍ നടത്തിയ പരാമര്‍ശമാണ് ഡി.എം.കെ നേതാക്കളെ ചൊടിപ്പിച്ചത്. നീറ്റ് പരീക്ഷയ്ക്കെതിരെ തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കിയിട്ടുണ്ട്. ഗവര്‍ണറുടെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്. എന്നാല്‍ നീറ്റ് വന്നതിനു ശേഷം സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ നിന്നുള്ള കുട്ടികളുടെ എണ്ണം വര്‍ധിച്ചെന്നാണ് ഗവര്‍ണര്‍ പറഞ്ഞത്. മെഡിക്കല്‍ കോളജുകളില്‍ സര്‍ക്കാര്‍ സ്കൂളുകളിലെ കുട്ടികള്‍ക്ക് 7.5 ശതമാനം സംവരണം ഏര്‍പ്പെടുത്തിയ സര്‍ക്കാരിനെ ഗവര്‍ണര്‍ അഭിനന്ദിച്ചു. എന്നാല്‍ എ.ഐ.എ.ഡി.എ.കെ ഭരണ കാലത്താണ് സര്‍ക്കാര്‍ സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയത്.
ദ്വിഭാഷാ നയത്തിലും നീറ്റിനെതിരായ എതിര്‍പ്പിലും സംസ്ഥാനം മുഴുവന്‍ ഒറ്റക്കെട്ടായി നില്‍ക്കുകയാണെന്ന് ഗവര്‍ണറെ മുരശൊസൊലിയിലെ ലേഖനം ഓര്‍മിപ്പിച്ചു. ഗവര്‍ണര്‍ ഇത് മനസിലാക്കുകയും കേന്ദ്ര സര്‍ക്കാരിനെ ഇക്കാര്യം അറിയിച്ച് സംസ്ഥാനത്തിന്റെ ഏകകണ്ഠമായ അഭിപ്രായത്തിന് സമ്മതം നേടുകയും വേണം. കേന്ദ്രത്തിന്റെ തീരുമാനം ഇവിടെ അടിച്ചേല്‍പ്പിക്കരുത്. കേന്ദ്രത്തിന്റെ പ്രതിനിധി എന്ന നിലയില്‍ ഗവര്‍ണര്‍ സംസ്ഥാനത്തെ ജനങ്ങളുടെ ഏകകണ്ഠമായ അഭിപ്രായം അറിയിക്കണമെന്നും മുരശൊലിയിലെ ലേഖനം ആവശ്യപ്പെട്ടു.
ഗവര്‍ണര്‍ക്ക് രാഷ്ട്രീയത്തില്‍ പ്രവര്‍ത്തന പരിചയം ഇല്ലെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു. വിരമിച്ച ശേഷം ഗവര്‍ണറായി നിയമിതനായ പൊലീസ് ഉദ്യോഗസ്ഥനാണ് ആര്.എന്‍ രവി. പൊലീസ് ഡിപ്പാര്‍ട്ട്മെന്റിന് ഭീഷണിപ്പെടുത്തലിന്റേതായ രീതികള്‍ ആവശ്യമായി വന്നേക്കാം, അവ അവിടെ ഫലം നല്‍കിയേക്കാം. പക്ഷേ രാഷ്ട്രീയത്തില്‍ അവയൊന്നും പ്രയോജനപ്പെടില്ല, അത് ഗവര്‍ണര്‍ മനസ്സിലാക്കണമെന്നും മുരശൊലി ഓര്‍മിപ്പിച്ചു.
