ചെന്നൈ: വന്‍കിട ലോട്ടറി വ്യാപാരി സാന്റിയാഗോ മാര്‍ട്ടിന്റെയും മറ്റും പേരിലുള്ള 173.48 കോടി രൂപയുടെ സ്ഥാവര ജംഗമ സ്വത്തുക്കള്‍ മരവിപ്പിച്ചതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറിയിച്ചു.
പ്രധാനമായും ഭൂസ്വത്തുക്കളും ബാങ്ക് അക്കൗണ്ടുകളുമാണ് ഇതിലുള്‍പ്പെടുന്നത്. 2002ലെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരമാണ് നടപടി. 2022 ഏപ്രിലിലും മാര്‍ട്ടിന്റെ പേരിലുള്ള 409.92 കോടി രൂപയുടെ സ്വത്തുക്കള്‍ മരവിപ്പിച്ചിരുന്നു. ഇതോടൊപ്പം ഇന്ത്യന്‍ ബാങ്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ചെന്നൈയിലെ പ്രമുഖ വ്യാപാര സ്ഥാപനമായ ശരവണ സ്റ്റോഴ്സിന്റെ (ഗോള്‍ഡ് പാലസ്) 234.75 കോടി രൂപയുടെ സ്വത്തുക്കളും ഇ.ഡി മരവിപ്പിച്ചിട്ടുണ്ട്. നേരത്തേ മാര്‍ട്ടിനും ശരവണ സ്റ്റോഴ്സുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ ഇ.ഡി അധികൃതര്‍ റെയ്ഡ് നടത്തിയിരുന്നു.