ചെന്നെെ: തമിഴ്‌നാട് സെക്രട്ടേറിയേറ്റില്‍ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്‌ഡ് ( ഇ ഡി). വെെദ്യുതി മന്ത്രി സെന്തില്‍ ബാലാജിയുടെ ഓഫീസിലാണ് റെയ്‌ഡ് നടക്കുന്നത്. രാവിലെ മന്ത്രിയുടെ ഔദ്യോഗിക വസതിയിലും കരൂരിലെ മന്ത്രിയുടെ സഹോദരന്റെ വീട്ടിലും ഇ ഡി പരിശോധന നടത്തിയിരുന്നു. ജയലളിത മന്ത്രിസഭയില്‍ ഗതാഗത മന്ത്രി ആയിരുന്നപ്പോള്‍ കോഴ വാങ്ങി നിയമനം നടത്തി എന്ന കേസിലാണ് പരിശോധന നടത്തുന്നത്.
ഇന്ന് രാവിലെ ഏഴ് മണിയ്ക്ക് അഞ്ച് കാറുകളിലായി ഇ ഡി ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ പ്രഭാത നടത്തത്തിനായി സെന്തില്‍ ബലാജി പുറത്തായിരുന്നു. 11മണിയോടെ സി ബി ഐ ജീവനക്കാരെയും ഇ ഡി വിളിച്ചുവരുത്തി. കഴിഞ്ഞ മാസം ബാലാജിയുമായി അടുപ്പമുള്ള ചിലരുടെ വീടുകളില്‍ ആദായ നികുതി വകുപ്പ് തുടര്‍ച്ചയായി എട്ട് ദിവസം റെയ്ഡ് നടത്തിയിരുന്നു. അന്വേഷണവുമായി സഹകരിക്കുമെന്ന് മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു. സെന്തില്‍ ബാലാജിയ്‌ക്കെതിരെയുള്ള കേസ് അന്വേഷിക്കാൻ കഴിഞ്ഞ മാസമാണ് സുപ്രീം കോടതി ഇ ഡിയ്ക്ക് അനുമതി നല്‍കിയത്.