Home Featured ചുളുവില്‍ പണക്കാര്‍ ആകാമെന്ന് പറഞ്ഞ് സാധാരണക്കാരുടെ പോക്കറ്റില്‍ കൈയിട്ടു; വില കൂടിയ ഉത്പന്നങ്ങള്‍ വാങ്ങിപ്പിച്ച്‌ അംഗങ്ങളാക്കി തട്ടിപ്പ്; ആംവേ ഇന്ത്യയുടെ 757.77 കോടിയുടെ ആസ്തികള്‍ ഇഡി കണ്ടുകെട്ടി

ചുളുവില്‍ പണക്കാര്‍ ആകാമെന്ന് പറഞ്ഞ് സാധാരണക്കാരുടെ പോക്കറ്റില്‍ കൈയിട്ടു; വില കൂടിയ ഉത്പന്നങ്ങള്‍ വാങ്ങിപ്പിച്ച്‌ അംഗങ്ങളാക്കി തട്ടിപ്പ്; ആംവേ ഇന്ത്യയുടെ 757.77 കോടിയുടെ ആസ്തികള്‍ ഇഡി കണ്ടുകെട്ടി

by jameema shabeer

ചെന്നൈ: മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ് സ്ഥാപനമായ ആംവേ ഇന്ത്യ എന്റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 757.77 കോടിയുടെ ആസ്തികള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് താല്‍ക്കാലികമായി കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് കണ്ടുകെട്ടല്‍.

ആംവേയുടെ തമിഴ്‌നാട്ടിലെ ഡിണ്ടിഗലിലുള്ള ഭൂമിയും ഫാക്ടറിയും പ്ലാന്റും യന്ത്ര സാമഗ്രികളും വാഹനങ്ങളും കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെടുന്നു. ബാങ്ക് അക്കൗണ്ടുകളും സ്ഥിര നിക്ഷേപങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കമ്ബനിയുടെ 411.83 കോടി വിലമതിക്കുന്ന ആസ്തികളും 36 അക്കൗണ്ടുകളില്‍ നിന്നായി 345.94 കോടി രൂപയും ഇഡി നേരത്തെ താല്‍ക്കാലികമായി കണ്ടുകെട്ടിയിരുന്നു.

ഡയറക്ടറ്റ് സെല്ലിങ് മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ് ശൃംഖലയുടെ മറവില്‍ പിരമിഡ് തട്ടിപ്പാണ് ആംവേ നടത്തുന്നതെന്ന് തെളിഞ്ഞതായി ഇഡി പറയുന്നു. കമ്ബനിയുടെ മിക്കവാറും ഉത്പ്പന്നങ്ങള്‍ക്കും, വിപണിയിലെ പേരുകേട്ട മറ്റു ജനപ്രിയ ഉത്പന്നങ്ങളുമായി താരതമ്യം ചെയ്യുമ്ബോള്‍ വളരെ ഉയര്‍ന്ന വിലയാണ് ഈടാക്കുന്നത്. 2002-03 മുതല്‍ 2021-22 കാലഘട്ടം വരെ ബിസിനസ് നടത്തിപ്പില്‍ നിന്നായി കമ്ബനി 27,562 കോടി സമാഹരിച്ചു. ഇതില്‍ നിന്ന് ഇന്ത്യയിലെയും അമേരിക്കയിലെയും വിതരണക്കാര്‍ക്കും അംഗങ്ങള്‍ക്കും 7,588 കോടി വിതരണം ചെയ്തു. ( 2002-03 തൊട്ട് 2020-21 വരെ).

യഥാര്‍ത്ഥ വസ്തുതകള്‍ അറിയാത്ത സാധാരണക്കാര്‍ വഞ്ചിതരാകുകയാണ്. കമ്ബനിയില്‍ അംഗങ്ങളായി ചേര്‍ത്ത ശേഷം വന്‍വിലയ്ക്ക് സാധനങ്ങള്‍ വാങ്ങിപ്പിക്കുകയാണ്. പാടുപെട്ട് നേടുന്ന പണം ഇങ്ങനെ നഷ്ടപ്പെടുകയാണ്. പുതിയ അംഗങ്ങള്‍ അവര്‍ക്ക് ഉപയോഗിക്കാന്‍ അല്ല സാധനങ്ങള്‍ വാങ്ങുന്നത്. തങ്ങളെ കമ്ബനിയില്‍ അംഗങ്ങളായി ചേര്‍ത്തവരുടെ വാക്കുകേട്ട് പണക്കാര്‍ ആകാനാണ് അവര്‍ സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നത്. സ്‌പോണ്‍സര്‍മാരായ ഇത്തരം റിക്രൂട്ടിങ് അംഗങ്ങളുടെ കമ്മീഷന്‍ കൊടുക്കാന്‍ വേണ്ടിയാണ് ഉത്പ്പന്നങ്ങള്‍ വിലകൂട്ടി വില്‍ക്കുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം, ഇഡി വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

അംഗങ്ങളായി എങ്ങനെ പണക്കാരാകാം എന്നതിലാണ് കമ്ബനിയുടെ മുഴുവന്‍ പ്രചാരണവും കേന്ദ്രീകരിച്ചിരിക്കുന്നത്. ഉത്പന്നങ്ങളില്‍ യാതൊരു കേന്ദ്രീകരണവും ഇല്ല. ഡയറക്റ്റ് സെല്ലിങ് കമ്ബനി എന്ന വ്യാജേന പിരമിഡ് തട്ടിപ്പ് മറയ്ക്കാന്‍ വേണ്ടി മാത്രമാണ് ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നത്.

1996-97 കാലഘട്ടത്തില്‍ ഇന്ത്യയില്‍ 21.39 കോടിയുടെ ഓഹരി മൂലധനമാണ് ആംവേ കൊണ്ടുവന്നത്. ഡിവിഡന്റ്, റോയല്‍റ്റി, മറ്റുനിക്ഷേപങ്ങള്‍ എന്നിങ്ങനെ 2859.10 കോടി കമ്ബനി ചെലവഴിച്ചിട്ടുണ്ട്. മെസേഴ്‌സ് ബ്രിട്ട് വേള്‍ഡ് വൈഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും മെസേഴ്‌സ് നെറ്റ് വര്‍ക്ക് ട്വന്റ് വണ്‍ പ്രൈവറ്റ് ലിമിറ്റഡും ആംവേയുടെ പിരമിഡ് സ്‌കീം പ്രോത്സാഹിപ്പിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചിട്ടുണ്ട്. ചെയിന്‍ സമ്ബ്രദായത്തില്‍ ആളെ ചേര്‍ക്കാന്‍ സെമിനാറുകളും മറ്റും ആംവേക്ക് വേണ്ടി സംഘടിപ്പിച്ചത് ഈ പ്രമോട്ടര്‍മാരാണ്. ആഡംബര ജീവിതവും ആര്‍ഭാടവും പ്രദര്‍ശിപ്പിച്ച മെഗാ കണ്‍വന്‍ഷനുകള്‍ വിളിച്ചുകൂട്ടിയാണ് ഇവര്‍ ആളെ വല വീശി പിടിച്ചത്. സോഷ്യല്‍ മീഡിയയും ഇതിനായി ഉപയോഗിച്ചെന്ന് ഇഡി പറയുന്നു

You may also like

error: Content is protected !!
Join Our Whatsapp