Home Featured നീറ്റ് വിജയിക്കാനാകില്ലെന്ന് ഭയന്ന് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു

നീറ്റ് വിജയിക്കാനാകില്ലെന്ന് ഭയന്ന് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു

by jameema shabeer

ചെന്നൈ: മെഡിക്കല്‍ പ്രവേശന പരീക്ഷയായ നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റിനെ (നീറ്റ്) നേരിടാന്‍ ഭയന്ന് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. ചെന്നൈയിലാണ് സംഭവം. 18 കാരനായ പി. ധനുഷ് ആണ് ആത്മഹത്യ ചെയ്തത്. രാജ്യത്തെ മെഡിക്കല്‍ കോളജുകളില്‍ പ്രവേശനം നേടാന്‍ നീറ്റ് പരീക്ഷയില്‍ യോഗ്യത നേടണം. തനിക്ക് അതിന് സാധിക്കില്ലെന്ന ഭയമാണ് ധനുഷിനെ മരണത്തിലേക്ക് നയിച്ചത്. പരീക്ഷക്ക് ആഴ്ചകള്‍ ശേഷിക്കെയാണ് മരണം.

‘എനിക്ക് നീറ്റ് നേടാന്‍ ആകില്ല, എനിക്ക് പരീക്ഷ വിജയിക്കാനാകില്ല. എന്റെ മരണത്തിന് ഞാന്‍ മാത്രമാണ് ഉത്തരവാദി’ – എന്ന് മരിക്കുന്നതിന് മുമ്ബായി രക്ഷിതാക്കള്‍ക്കും സഹോദരനും അയച്ച വിഡിയോ സന്ദേശത്തില്‍ ധനുഷ് പറയുന്നു. മറ്റ് ആത്മഹത്യാ കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഗോത്ര വിഭാഗത്തില്‍ നിന്നുള്ള ധനുഷിന് കഴിഞ്ഞ വര്‍ഷം സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശനം ലഭിച്ചിരുന്നു. ഓട്ടോ ഡ്രൈവറായ പിതാവിന്റെ വരുമാനത്തെ മാത്രം ആശ്രയിക്കുന്ന കുടുംബത്തിന് കുട്ടിയുടെ ഫീസ് താങ്ങാന്‍ സാധിക്കാത്തതിനാല്‍ സര്‍ക്കാര്‍ മെഡിക്കല്‍കോളജില്‍ പ്രവേശനം ലഭിക്കുന്നതിനായി എന്‍ട്രന്‍സ് പരീക്ഷക്ക് വേണ്ടി തയാറെടുക്കുകയായിരുന്നു. എന്നാല്‍ സ്വകാര്യ എന്‍ട്രന്‍സ് പരിശീലന കേന്ദ്രങ്ങളില്‍ അയക്കാനുള്ള സാമ്ബത്തിക സ്ഥിതിയും കുടുംബത്തിന് ഉണ്ടായിരുന്നില്ല.

ഇതോടെ താന്‍ വിജയിക്കില്ലെന്ന നിരാശ ബാധിച്ചതാകാം കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. തമിഴ്നാട്ടില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ സ്കൂള്‍ ടോപ്പര്‍മാരുള്‍പ്പെടെ 20 ഓളം പരീക്ഷാര്‍ഥികള്‍ നീറ്റില്‍ ആവശ്യമായ മാര്‍ക്ക് ലഭിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തിട്ടുണ്ട്. നേരത്തെ തന്നെ തമിഴ്നാട് നീറ്റിനെതിരെ ശബ്ദമുയര്‍ത്തിയിരുന്നു. സാമ്ബത്തികമായി ഉന്നതിയിലുള്ള കുട്ടികള്‍ക്ക് മാത്രമേ നീറ്റ് മറികടക്കാന്‍ ആവശ്യമായ പരിശീലനം ഉള്‍പ്പെടെ ലഭിക്കുകയുള്ളുവെന്നും ദരിദ്രരും ഗ്രാമങ്ങളില്‍ നിന്നുള്ളവരും പിന്തള്ളപ്പെടുമെന്നും തമിഴ്നാട് സര്‍ക്കാര്‍ വാദിച്ചിരുന്നു. കഴിഞ്ഞ ഒരു ദശകമായി തമിഴ്നാട് സര്‍ക്കാര്‍ പ്ലസ് ടു മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരുന്നു എം.ബി.ബി.എസ് പ്രവേശനം നല്‍കിയിരുന്നത്.

You may also like

error: Content is protected !!
Join Our Whatsapp