ചെന്നൈ : ഉപയോഗിച്ച ശേഷം അശ്രദ്ധമായി ട്രെയിനിന്റെ ശുചി മുറിയിൽ ഉപേക്ഷിച്ച സിഗരറ്റിൽ നിന്നു തീ പടർന്ന് തിരുമല എക്സപ്രസിന്റെ കോച്ചിൽ തീപിടിച്ചു.തിരുപ്പതി റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ എസ് 6 കംപാർട്മെന്റിന്റെ ശുചിമുറിയിലാണു തീപിടിത്തമുണ്ടായത്. വിശാഖപട്ടണത്തു നിന്ന് തിരുപ്പതിയിലെത്തിയ ട്രെയിൻ യാത്രക്കാരെ ഇറക്കിയ ശേഷം റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കവേയാണു പുക ഉയരുന്നതു കണ്ടത്.
യാത്രക്കാർ റെയിൽവേ ജീവനക്കാരെ വിവര മറിയിച്ചതോടെ റെയിൽവേ സുരക്ഷാ ഉദ്യോഗസ്ഥരും സ്റ്റേഷൻ ജീവനക്കാരും തീ നിയന്ത്രണ വിധേയമാക്കി.സംഭവത്തിൽ റെയിൽവേ സുരക്ഷാസേന കേസെടുത്തു. സിഗരറ്റ് വലിച്ചെറി ഞ്ഞയാളെ കണ്ടെത്താൻ സിസി ടിവി ദൃശ്യങ്ങൾ അടക്കം ശേഖരിച്ചിട്ടുണ്ട്.