
ചെന്നൈ: പുതുച്ചേരിയില്‍ സ്‌കൂട്ടറില്‍ കൊണ്ടുപോവുകയായിരുന്ന പടക്കം പൊട്ടിത്തെറിച്ച് അച്ഛനും മകനും മരിച്ചു.കലൈയരശന്‍ (32), ഇയാളുടെ ഏഴ് വയസുകാരനായ മകന്‍ പ്രദീഷ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് പുതുച്ചേരിയിലെ കാട്ടുകുപ്പത്തായിരുന്നു അപകടം.ഭാര്യ വീട്ടില്‍ നിന്നും മകനേയും കൂട്ടി സ്വന്തം വീട്ടിലേക്കുള്ള യാത്രയ്‌ക്കിടെയായിരുന്നു അപകടം. ദീപാവലി ആഘോഷത്തിന് വാങ്ങിയ പടക്കങ്ങളും സ്‌കൂട്ടറില്‍ ഉണ്ടായിരുന്നു. രണ്ട് സഞ്ചികളായി സ്‌കൂട്ടറിന്റെ വശത്ത് ഇവ തൂക്കി ഇട്ടിരിക്കുകയായിരുന്നു. എന്നാല്‍ യാത്രയ്‌ക്കിടെ ഇത് പൊട്ടിത്തെറിക്കുകയായിരുന്നു. കലൈയരശനും പ്രദീഷും സംഭവസ്ഥലത്ത് തന്നെ മരിച്ചു.
പടക്കം പൊട്ടിത്തെറിച്ച സമയത്ത് സമീപത്ത് കൂടി പോയവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ പുതുച്ചേരിയിലെ ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ (ജിപ്മര്‍) പ്രവേശിപ്പിച്ചു. പുതുച്ചേരി-വില്ലുപുരം അതിര്‍ത്തിയിലാണ് സംഭവം നടന്നതിനാല്‍ ഇരു പ്രദേശങ്ങളിലെയും പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കൂടാതെ, വില്ലുപുരം പോലീസ് സൂപ്രണ്ട് എന്‍ ശ്രീനാഥ സംഭവസ്ഥലത്ത് പരിശോധന നടത്തുകയും കലൈനേശന്‍ വാങ്ങിയ പടക്കങ്ങള്‍ ഏതൊക്കെയാണെന്ന് അന്വേഷിക്കുകയും ചെയ്തിട്ടുണ്ട്.പടക്കത്തിന് ചൂട് പിടിച്ച് പൊട്ടിത്തെറിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഇക്കാര്യം ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷമേ സ്ഥിരീകരിക്കാന്‍ കഴിയൂ എന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
