ചെന്നൈ • സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിൽ പഞ്ചതല സുരക്ഷാ സംവിധാനം ഏർപ്പെടുത്തി.വിമാനത്താവളത്തിന്റെ പ്രധാന പ്രവേശന കവാടത്തിൽ സംശയാസ്പദമായി കാണുന്ന വാഹനങ്ങൾ പരിശോധിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ സിഫർ നായ്ക്കളെ വിന്യസിച്ചു.
വിമാനത്താവള സമുച്ചയത്തിലും സായുധ പൊലീസ് പട്രോളിങ് നടത്തുന്നുണ്ട്. അധിക സമയം നിർത്തിയിടുന്ന വാഹനങ്ങൾ കർശനമായി പരിശോധിക്കും. സന്ദർശകരെയും നിയന്ത്രിക്കും. കൂടുതൽ മേഖലകൾ സിസിടിവി ക്യാമറ നിരീക്ഷണത്തിനു കീഴിലാക്കി.
യാത്രക്കാരുടെ പതിവ് പരിശോധനകൾക്ക് പുറമേ കൂടുതൽ സുരക്ഷാ പരിശോധനയും നടക്കുന്നുണ്ട്.അതിനാൽ ആഭ്യന്തര യാത്രക്കാർ വിമാനം പുറപ്പെടുന്നതിന് ഒന്നര മണിക്കൂർ മുൻപും രാജ്യാന്തര യാത്രക്കാർ മൂന്നര മണിക്കൂർ മുൻപും വിമാനത്താവളത്തിൽ എത്തണമെന്നാണു നിർദേശം.സുരക്ഷാ നടപടികൾ 20 അർധരാത്രി വരെ തുടരും.