ചെന്നൈ : സാമ്പത്തിക പ്രതിസന്ധി കടുത്തതോടെ തമിഴ്‌നാട്ടിലേക്ക് കുടിയേറി ശ്രീലങ്കന്‍ അഭയാര്‍ഥികള്‍. ഇന്നലെ വൈകിട്ട് പത്ത് പേര്‍ കൂടി എത്തിയതോടെ പതിനാറ് പേരാണ് പ്രതിസന്ധി തുടങ്ങിയ ശേഷം ഇന്ത്യയിലെത്തുന്നത്.
ബോട്ടില്‍ ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്ന ആറ് പേരടങ്ങുന്ന ആദ്യ സംഘത്തെ രാമേശ്വരം ധനുഷ്‌കോടിയ്ക്കടുത്ത് കോസ്റ്റ് ഗാര്‍ഡാണ് കണ്ടെത്തിയത്. ഇവരില്‍ നാല് മാസം പ്രായമുള്ള കുഞ്ഞും ഉണ്ടായിരുന്നു. വിശന്നു കരയുന്ന കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ കൂടി വഴിയില്ലാതായതോടെയാണ് ഇന്ത്യയിലേക്കുള്ള കടത്ത് ബോട്ടില്‍ കയറിയതെന്ന് അഭയാര്‍ഥികള്‍ അറിയിച്ചു. ഇന്ത്യയിലെത്തിക്കാന്‍ 50000 രൂപ ഇവരുടെ കയ്യില്‍ നിന്ന് ഈടാക്കി.
ഇന്നലെ രാത്രി വൈകിയാണ് മറ്റ് സംഘമെത്തിയത്. മൂന്ന് ലക്ഷം രൂപയാണ് ഇന്ത്യയിലേക്ക് കടക്കുന്നതിന് ഇവര്‍ നല്‍കിയത്. യാത്രാമധ്യേ ബോട്ട് കേടായി നടുക്കടലില്‍ കുടുങ്ങി. പിന്നീട് ഏറെ നേരത്തേ പരിശ്രമത്തിനൊടുവിലാണ് യാത്ര പുനരാരംഭിക്കാനായത്. സാമ്പത്തിക പ്രതിസന്ധി കടുത്തതോടെ ഇവരെ പോലെ കൂടുതല്‍ പേര്‍ വരും ദിവസങ്ങളില്‍ എത്തിയേക്കാമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. ഇതിനെത്തുടര്‍ന്ന് ധനുഷ്‌കോടി രാമേശ്വരം തീരത്ത് തീരസംരക്ഷണ സേന തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്.
ശ്രീലങ്കന്‍ ആഭ്യന്തര പ്രതിസന്ധിയുടെ കാലത്ത് ഇന്ത്യയിലേക്ക് പലായനം ചെയ്ത ഒരു ലക്ഷത്തോളം അഭയാര്‍ഥികള്‍ നിലവില്‍ തമിഴ്‌നാട്ടിലുണ്ട്. ഇന്നലെ എത്തിയവരില്‍ രണ്ട് കുടുംബങ്ങള്‍ നേരത്തേ അഭയാര്‍ഥി ക്യാംപില്‍ കഴിഞ്ഞിരുന്നവരാണ്. ഭക്ഷണവും പ്രഥമ ശുശ്രൂഷയും നല്‍കിയ ശേഷം എല്ലാവരെയും മറൈന്‍ പോലീസിന് കൈമാറി. ഇവരെ രാമേശ്വരം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയതിന് ശേഷം മണ്ഡപം അഭയാര്‍ഥി ക്യാംപിലേക്ക് മാറ്റും.