വാളയാർ • കോയമ്പത്തൂർ സുന്തരാപുരം ഈച്ചനാരിയിലുള്ള സ്വകാര്യ നഴ്സിങ് കോളജിലെ ഹോസ്റ്റലിൽ നിന്നു ഭക്ഷണം കഴിച്ച് പെൺകുട്ടികൾ ഉൾപ്പെടെ അൻപതോളം വിദ്യാർഥികൾക്കു ഭക്ഷ്യ വിഷബാധ. ഇവരിൽ പകുതിയിലേറെയും മലയാളി വിദ്യാർഥികളാണ്. കഴിഞ്ഞ ദിവസങ്ങളിലാണു പലർക്കും ഛർദിയും വയറിളക്കവും അനുഭവപ്പെട്ടു തുടങ്ങിയത്. ഹോസ്റ്റലിൽ നിന്നു ഭക്ഷണം കഴിച്ച ആൺകുട്ടികളും പെൺകുട്ടികളും ചികിത്സ തേടിയിരുന്നു.
അസ്വസ്ഥത അനുഭവപ്പെട്ടവർ പുറത്തെ ആശുപത്രികളിൽ ചികിത്സ തേടാനുള്ള അനുമതി നൽകാൻ കോളജ് അധികൃതർ തയാറായില്ലെന്നു പരാതിയുണ്ട്. പകരം, കോളജിനകത്തുള്ള ഇതേ മാനേജ്മെന്റിന്റെ ആശുപത്രിയിൽ ചികിത്സ നൽകിയെന്നാണ് ആരോപണം. ഇതോടൊപ്പം സംഭവം പുറത്തറിയാതിരിക്കാൻ,വിദ്യാർഥികൾക്കു വീടുകളിലേക്കു പോകാൻ അനുമതി നൽകിയില്ലെന്നും പരാതിയുണ്ട്.
രക്ഷിതാക്കളുടെ പരാതിയെ തുടർന്നു കോയമ്പത്തൂർ ആരോഗ്യവിഭാഗം ഇന്നലെ കോളജ് ഹോസ്റ്റലിലെത്തി പരിശോധന നടത്തി. ഭക്ഷ്യവസ്തുക്കളും വെള്ളവും പരിശോധനയ്ക്കു ശേഖരിച്ചെന്നും മാനേജ്മെന്റി നോടു റിപ്പോർട്ട് തേടിയെന്നുമാണ് വിവരം.