ചെന്നൈ: ട്രെയിനിലെ 80 ഓളം യാത്രക്കാര്‍ക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം. ഭാരത് ഗൗരവ് സ്‌പെഷ്യല്‍ ട്രെയിനിലാണ് സംഭവം. ചെന്നൈയില്‍ നിന്ന് പുറപ്പെട്ട യാത്രക്കാര്‍ക്കാണ് വയറുവേദവയും അതിസാരവുമടക്കം പിടിപെട്ടത്. ട്രെയിന്‍ പൂനെ സ്റ്റേഷനില്‍ എത്താനിരിക്കെയാണ് സംഭവം.
ഗുജറാത്തിലെ പലിതാനയിലേക്ക് തീര്‍ഥാടനത്തിനായി പോകുന്ന യാത്രക്കാര്‍ക്കാണ് ലകറക്കവും വയറുവേദനയും ഛര്‍ദ്ദിയും അതിസാരവും അനുഭവപ്പെട്ടത്. സ്വകാര്യ വ്യക്തിയാണ് ട്രെയിന്‍ ബുക്ക് ചെയ്തത്. ഏകദേശം 1,000 യാത്രക്കാരാണ് ഉണ്ടായിരുന്നത്. പല യാത്രക്കാര്‍ക്കും
മെഡിക്കല്‍ സഹായം നല്‍കുന്നതിനായി റെയില്‍വേ ആശുപത്രിയിലെ ഡോക്ടര്‍മാരെയും റൂബി ഹാളിലെ ഡോക്ടര്‍മാരെയും മറ്റ് റെയില്‍വേ ഉദ്യോഗസ്ഥരെയും പൂനെ സ്റ്റേഷനിലേക്ക് അയച്ചെന്ന് ഡിവിഷണല്‍ കൊമേഴ്‌സ്യല്‍ മാനേജരും പിആര്‍ഒയുമായ രാംദാസ് ഭിസെ പറഞ്ഞു.
രാത്രി 11.25 ന് ട്രെയിന്‍ പൂനെ സ്റ്റേഷനില്‍ എത്തി. ഉടന്‍ തന്നെ ചികിത്സ നല്‍കുകയും 12.30ഓടെ യാത്ര തുടരുകയും ചെയ്തു. ആരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നില്ല. പുറപ്പെടുന്നതിന് മുമ്പ് ട്രെയിന്‍ വിശദമായി പരിശോധിച്ചിരുന്നതായി അധികൃതര്‍ അറിയിച്ചു.
ട്രെയിനില്‍ അടുക്കള സൗകര്യം ഇല്ലായിരുന്നു. സോലാപൂരില്‍ നിന്ന് ഏകദേശം 180 കിലോമീറ്റര്‍ അകലെയുള്ള വാദി റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ ഭക്ഷണം കഴിച്ചതായി റിപ്പോര്‍ട്ടുണ്ട്. എവിടെനിന്നാണ് ഭക്ഷണം കഴിച്ചതെന്ന് കണ്ടെത്താന്‍ ശ്രമിക്കുന്നതായും അധികൃതര്‍ അറിയിച്ചു. റെയില്‍വേ ഭക്ഷണം നല്‍കിയിട്ടില്ലെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.