ചെന്നൈ • പാർട്ടിയിൽ നിന്നും പാർട്ടി ആസ്ഥാനത്തു നിന്നും പുറത്തായ മുൻ മുഖ്യമന്ത്രി ഒ.പനീർ സെൽവം പ്രതിരോധത്തിനും തിരിച്ചടിയുമായി പുതുവഴികളിലേക്കു തിരിയുന്നു. തിരഞ്ഞെടുപ്പു കമ്മിഷൻ രേഖകൾ അനുസരിച്ച് താനിപ്പോഴും പാർട്ടി കോഓർഡിനേറ്റും ട്രഷററും ആണെന്ന് അവകാശപ്പെട്ട ഒപിഎസ് അണ്ണാഡിഎംകെയുടെ എല്ലാ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് കത്തയച്ചു.
അണ്ണാഡിഎംകെ നിയമവിരുദ്ധമായി നടത്തിയ നിയമനങ്ങൾക്കൊന്നും നിയമസാധുതയില്ലെന്നും വിഷയം കോടതിയുടെ പരിഗണനയിലാണെന്നും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.അതേ സമയം, കഴിഞ്ഞ 11ന് അണ്ണാഡിഎംകെ ആസ്ഥാനത്തിന്റെ വാതിൽ തകർത്ത് അകത്തു കടന്ന പനീർസെൽവം വിഭാഗം പ്രവർത്തകർ പാർട്ടിയുടെ വിലപ്പെട്ട രേഖകളും വസ്തുവകകളും മോഷ്ടിച്ചെന്ന് ആരോപിച്ച് എടപാടി വിഭാഗത്തിലെ മുതിർന്ന നേതാവ് സി.വി.ഷൺമുഖം പൊലീസിൽ പരാതി നൽകി.
ഒപിഎസ് വിഭാഗം പ്രവർത്തകർ രേഖകൾ കടത്തുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ സമർപ്പിച്ചിട്ടുണ്ട്. ഇതിനിടെ പനീർസെൽവത്തിന്റെ മകനും എംപിയുമായ രവീന്ദ്രനാഥിന്റെ എംപി സ്ഥാനം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് എടപ്പാടി പളനിസാമി ലോക്സഭാ സ്പീക്കർക്കു കത്തു നൽകി.
എന്നാൽ, ഈ കത്തിനു നിയമ സാധുതയില്ലെന്നു ചൂണ്ടിക്കാട്ടി ഒപിഎസ് മറുകത്ത് സ്പീക്കർക്ക് അയച്ചിട്ടുണ്ട്.ഒപിഎസിന്റെ മകനെ എംപി സ്ഥാനത്തു നിന്നു നീക്കാനുള്ള എടപ്പാടിയുടെ ശ്രമങ്ങളെ അപലപിച്ച് വി.കെ.ശശികലയും രംഗത്തെത്തിക്കഴിഞ്ഞു.