ചെന്നൈ: മോഷ്ടിച്ച സാരികള്‍ കൊറിയറിലൂടെ പൊലീസിന് അയച്ചു നല്‍കി വനിതാ മോഷ്ടാക്കള്‍. ആന്ധ്രാപ്രദേശില്‍ നിന്നുള്ള ഏഴംഗ വനിതാ മോഷ്ടാക്കളാണ് തമിഴ്‌നാട് പൊലീസിന് മോഷ്ടിച്ച സാധനങ്ങള്‍ അയച്ച കൗതുകകരമായ സംഭവമുണ്ടായത്. ആദ്യം ആരോ ദീപാവലി പ്രമാണിച്ച് സമ്മാനം നല്‍കിയതെന്നാണ് പൊലീസ് ധരിച്ചത്.
കഴിഞ്ഞയാഴ്ച ബസന്ത് നഗറില്‍ നടന്ന കൈത്തറി ഉത്സവത്തിലാണ് മോഷണം നടന്നത്. രണ്ട് ലക്ഷം രൂപയുടെ സാരികളാണ് മോഷണം പോയത്. കാഞ്ചീപുരം പട്ടുസാരികള്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. സാരി വാങ്ങാനെന്ന വ്യാജേന പ്രദര്‍ശന കേന്ദ്രത്തില്‍ എത്തിയ വനിതാ സംഘം ഒന്നും വാങ്ങാതെ മടങ്ങി.
എന്നാല്‍ ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ മേളയുടെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന 10 സാരികള്‍ മോഷ്ടിക്കുന്നതായി കണ്ടെത്തി. വിവരമറിഞ്ഞ് ശാസ്ത്രി നഗര്‍ പൊലീസ് കേസെടുത്തു. ആന്ധ്രപ്രദേശില്‍ നിന്നാണ് സംഘമെന്ന് മനസിലാക്കിയ പൊലീസ് മോഷ്ടാക്കളെ പിടികൂടാന്‍ നീക്കം തുടങ്ങി. സംഘത്തിലെ മിക്ക വനിതകളെയും തിരിച്ചറിഞ്ഞു. പൊലീസ് പിന്നാലെയുണ്ടെന്ന് മനസിലാക്കിയ പ്രതികള്‍ സാരികള്‍ കൊറിയറിലൂടെ അയയ്‌ക്കുകയായിരുന്നു.