ചെന്നൈ ∙ പ്രണയ നൈരാശ്യത്തെ തുടർന്ന് സോഫ്റ്റ്‌വെയർ എൻജിനീയറെ തട്ടിക്കൊണ്ടുപോയി പൂട്ടിയിട്ട മുൻ കാമുകിയെയും കുടുംബാംഗങ്ങളെയും പൊലീസ് അറസ്റ്റ് ചെയ്തു. വേളാച്ചേരി സ്വദേശി പാർഥിപനെയാണ് മുൻ കാമുകി സൗന്ദര്യയുടെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടു പോയത്. ജോലിക്കു പോകാൻ വീട്ടിൽ നിന്ന് ഇറങ്ങിയ ഇയാളെ, കാറിലെത്തിയ സംഘം കത്തി കാട്ടി ഭീഷണിപ്പെടുത്തി ബലമായി പിടിച്ചുകൊണ്ടു പോകുകയായിരുന്നു.
റാണിപെട്ട് സ്വദേശിയായ സൗന്ദര്യയും 7 വർഷമായി പ്രണയത്തിലായിരുന്നു. ഇതുപേക്ഷിച്ച് പാർഥിപൻ മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിച്ചതാണ് തട്ടിക്കൊണ്ടു പോകലിലേക്കു നയിച്ചത്. തട്ടിക്കൊണ്ടു പോയ ശേഷം ഭീഷണിപ്പെടുത്തി സൗന്ദര്യയുമായി വിവാഹം കഴിപ്പിക്കാനായിരുന്നു പദ്ധതി. സൗന്ദര്യ, മാതാവ് ഉമ, മാതൃസഹോദരൻ രമേഷ്, ഇവരുടെ സഹായി സിദ്ധപ്പ ശിവകുമാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.