
ചെന്നൈ : സർക്കാർ ജോലി വാഗ്ദാനം ചെയ്തു 76.50 ലക്ഷം രൂപ തട്ടിയെന്ന പരാതിയിൽ മുൻ അണ്ണാഡിഎംകെ മന്ത്രി വി.സരോജയ്ക്കെതിരെ ക്രൈംബ്രാഞ്ച് കേസ് എടുത്തു.റിട്ട. സഹകരണ വകുപ്പു തൊഴിലാളിയായ ഗുണശീലനാണു രാശിപുരം പൊലീസിൽ പരാതി നൽകിയത്. തമിഴ്നാട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ ജോലി ചെയ്തിരുന്ന താൻ മന്ത്രിയുടെ നിർദേശം അനുസരിച്ചു 15 പേരിൽ നിന്നു 76.50 ലക്ഷം രൂപ പിരിച്ചെടുത്ത് ആദ്യഗഡുവായി 50 ലക്ഷം രൂപ കൈമാറിയെന്നും ആ പണം കൊണ്ടാണു സരോജ ഇപ്പോൾ രാശിപുരത്ത് താമസിക്കുന്ന വീട് വാങ്ങിയതെന്നും പരാതിയിൽ പറയുന്നു.
രണ്ടാം ഗഡുവായി 26.50 ലക്ഷം രൂപയും നൽകിയെങ്കിലും വാഗ്ദാനം ചെയ്തതുപോലെ, ആർക്കും ജോലി ലഭിച്ചില്ല. ഇതോടെ പണം നൽകിയവർ തന്റെ വീട്ടിലെത്തി പ്രതിഷേധം ആരംഭിച്ചെന്നും സരോജയും ഭർത്താവും വഞ്ചിച്ചെന്നും പരാതിയിലുണ്ട്. പ്രാഥമിക അന്വേഷണത്തിനു ശേഷമാണു കേസ് റജിസ്റ്റർ ചെയ്തത്.കഴിഞ്ഞ എടപ്പാടി പളനിസ്വാമി സർക്കാരിലെ സാമൂഹിക ക്ഷേമ മന്ത്രിയായിരുന്നു സരോജ.
