ചെന്നൈ: സംസ്ഥാനത്തെ 11 മെഡിക്കല്‍ കോളേജുകളിലേക്ക് 800 സീറ്റുകള്‍ കൂടി അനുവദിക്കണമെന്ന് തമിഴ്നാട് സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി ആരോഗ്യമന്ത്രി സുബ്രഹ്മണ്യന് പറഞ്ഞു. 850 വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. 1,650 വിദ്യാര്‍ത്ഥികള്‍ക്ക് കൂടി പ്രയോജനം ലഭിക്കുന്നതിനായി 800 സീറ്റുകള്‍ കൂടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.സംസ്ഥാന ആരോഗ്യ മന്ത്രിമാരുമായി കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ ദേശീയ കോവിഡ് -19 വാക്സിനേഷനെക്കുറിച്ചുള്ള അവലോകന യോഗം വിളിച്ചു ചേര്‍ത്തിരുന്നു. ഈ യോഗത്തില്‍ പങ്കെടുത്ത ശേഷം ദേശീയ തലസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് മാ സുബ്രഹ്ണ്യം ഇക്കാര്യം വെളിപ്പെടുത്തിയത്. തമിഴ്നാട് സര്‍ക്കാരിന്റെ 11 ആവശ്യങ്ങള്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മധുരയിലെ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) പദ്ധതി വേഗത്തിലാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിന് പുറമേ, കോയമ്ബത്തൂരില്‍ എയിംസ് അനുവദിക്കണമെന്നും പറഞ്ഞു” മന്ത്രി പറഞ്ഞു. നവംബര്‍ അവസാനത്തോടെ ജനങ്ങള്‍ക്ക് കോവിഡ് 19 വാക്സിന്റെ ആദ്യഡോസ് വിതരണം പൂര്‍ത്തിയാക്കാനും രണ്ടാമത്തെ ഡോസ് നല്‍കാനുള്ള പദ്ധതികള്‍ തയ്യാറാക്കാനും ആരോഗ്യമന്ത്രിമാരുടെ യോഗത്തില്‍ തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു. ഗുണഭോക്താക്കള്‍ക്ക് രണ്ടാം ഡോസ് നല്‍കുന്നതിന് ആവശ്യമായ അളവില്‍ കോവാക്സിന് കേന്ദ്രത്തില്‍ നിന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.