ചെന്നൈയില്‍ കനത്ത മഴ തുടരുന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുന്നതിനാല്‍ വ്യാഴാഴ്ച സ്‌കൂളുകള്‍ക്ക് അവധിയായിരിക്കും എന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചുതിരുവള്ളൂര്‍ ജില്ലയിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും ഇന്ന് (വ്യാഴാഴ്ച) അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചെങ്കല്‍പട്ട്, കാഞ്ചീപുരം ജില്ലകളിലെ സ്‌കൂളുകള്‍ക്കും അവധിയായിരിക്കും.ഡിസംബര്‍ 2, 3 തീയതികളില്‍ ചെന്നൈയിലും സമീപ ജില്ലകളിലും ഐ എം ഡി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്തതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുള്ളപ്പോഴാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുന്നത്.
തമിഴ്നാട്ടിലെ തിരുവള്ളൂര്‍, കാഞ്ചീപുരം, ചെന്നൈ, ചെങ്കല്‍പട്ട്, വില്ലുപുരം, കടലൂര്‍, മയിലാടുതുറൈ, നാഗപട്ടണം, തിരുവാരൂര്‍, തഞ്ചാവൂര്‍, പുതുക്കോട്ട, രാമനാഥപുരം, തൂത്തുക്കുടി ജില്ലകളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.നാളെ മുതല്‍ തുടര്‍ച്ചയായി മൂന്ന് ദിവസം തമിഴ്നാട്ടിലെ കാരായിക്കല്‍ മേഖലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിലും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഡിസംബര്‍4 വരെ ശക്തമായ മഴ പെയ്യുമെന്ന് ചെന്നൈയിലെ പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്നുള്ള തെക്കന്‍ ആന്‍ഡമാന്‍ കടലിലും രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ചുഴലിക്കാറ്റായി രൂപാന്തരപ്പെടുമെന്നാണ് നിഗമനം.ചെന്നൈയിലും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍, മഴ ബാധിത പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹായവും നല്‍കാന്‍ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഉദ്യോഗസ്ഥര്‍, മന്ത്രിമാര്‍, എം എല്‍ എമാര്‍, തദ്ദേശ സ്ഥാപന പ്രതിനിധികള്‍ എന്നിവരോട് നിര്‍ദ്ദേശിച്ചു.
കനത്ത മഴയും കാലാവസ്ഥാ പ്രവചനവും കണക്കിലെടുത്ത് ജനങ്ങളോട് വീടിനുള്ളില്‍ തന്നെ തുടരാന്‍ ഗ്രേറ്റര്‍ ചെന്നൈ കോര്‍പ്പറേഷന്‍ നിര്‍ദ്ദേശിച്ചു.കടല്‍ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ദമോ ആകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ഈ കാലയളവില്‍ കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്.